എറണാകുളം: നാവികസേനയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നു വീണു. കൊച്ചി തുറമുഖത്താണ് സംഭവം. നാവികസേന വീമാനത്താവളത്തില്‍ നിന്ന് പറന്ന് പൊങ്ങിയതിന് ശേഷം മിനുറ്റുകള്‍ക്കകമാണ് വീമാനം തകര്‍ന്ന് വീണത്. വെല്ലിങ്ഡണ്‍ ഐലന്‍ഡിലെ എച്ച്.എച്ച്.എ ഇന്ധന പ്ലാന്റിന് സമീപമാണ് വീമാനം തകര്‍ന്ന് വീണത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചി നാവികസേന വിമാനത്താവളത്തിലെത്താന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപകടം. എഞ്ചിന്‍ തകരാറാണ് അപകടകാരണമെന്നാണ് സൂചന. നിരീക്ഷണ പറക്കലിനിടെയാണ് റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് പറത്തുന്ന വിമാനം തകര്‍ന്നുവീണത്. വന്‍ദുരന്തമാണ് ഒഴിവായത്.

കടലില്‍ നിരീക്ഷണം നടത്താന്‍ ഉപയോഗിക്കുന്ന ഈ ഡ്രോണ്‍ വിമാനം റിമോര്‍ട്ട് കണ്‍ട്രോളിലൂടെ തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ നീയന്ത്രിക്കാന്‍ കഴിയുന്നതാണ്. സംഭവത്തെ തുടര്‍ന്ന് നാവിക സേന ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.