തിരുവനന്തപുരം: പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ സിംഹാസന വിവാദത്തെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പതിവിനു വിപരീതമായി വേദിയില്‍ മൂന്നാള്‍ക്കിരിക്കാവുന്ന സിംഹാസനം ശ്രദ്ധയില്‍പ്പെട്ട മന്ത്രിയും ശിവകുമാര്‍ എംഎല്‍എയും ചേര്‍ന്ന് വേദിയില്‍ നിന്ന് സിംഹാസനം എടുത്തുമാറ്റുകയായിരുന്നു.

സര്‍ക്കാര്‍ പരിപാടിയില്‍ ഇത്തരം ഇരിപ്പിടം വെക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് സിംഹാസനം മാറ്റിയതെന്ന് മന്ത്രി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രണ്ടോ മൂന്നോ പേര്‍ക്ക് ഇരിക്കാവുന്ന വലുപ്പത്തിലുള്ള സിംഹാസനമൊന്നും ഔദ്യോഗിക പരിപാടികളുടെ വേദികളില്‍ ആവശ്യമില്ല. അതിലെ അനൗചിത്യം ചൂണ്ടികാട്ടിയാണ് ഞാന്‍ ‘സിംഹാസനം’ എടുത്ത് മാറ്റിയത്. ശൃംഗേരി മഠാധിപതിക്ക് പകരമെത്തിയ മറ്റൊരു സ്വാമി സിംഹാസനം കാണാത്തതിനാല്‍ വേദിയില്‍ കയറാതെ പോയെന്ന് വാര്‍ത്തകളില്‍ കണ്ടു.

ഒന്നര കോടി രൂപ ചിലവാക്കി സംസ്ഥാന സര്‍ക്കാര്‍ നവീകരിച്ച മിത്രാനന്ദപുരം കുളത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ ശൃംഗേരി മഠാധിപതി ശ്രീ ഭാരതിതീര്‍ത്ഥ സ്വാമിയേയോ മറ്റേതെങ്കിലും സ്വാമിമാരെയൊ അഥിതിയായി ക്ഷണിച്ചിരുന്നില്ല എന്ന് പരിപാടിയുടെ നോട്ടീസ് പരിശോധിച്ചാല്‍ വ്യക്തമാകും. എന്നാല്‍ വേദിയിലെ സിംഹാസനം കണ്ട് തിരക്കിയപ്പോള്‍ മഠാധിപതി വന്നാല്‍ ഇരുത്താനാണെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കാര്‍ പറഞ്ഞത്. മന്ത്രിക്കായാലും മഠാധിപതിക്കായാലും സര്‍ക്കാര്‍ പരിപാടിയില്‍ അങ്ങനെയൊരു സിംഹാസനം വേണ്ട എന്ന് പറഞ്ഞാണ് ഞാന്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എയുടെ സഹായത്തോടെ ‘സിംഹാസന’ ഇരിപ്പിടം എടുത്ത് മാറ്റിയത്. വേദിയിലുണ്ടായിരുന്ന ഒ.രാജഗോപാലും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സിംഹാസനത്തിലെ അനൗചിത്യം മനസ്സിലാക്കിയിരുന്നു.

എന്റെ നിലപാടില്‍ ആര്‍ക്കും അര്‍ത്ഥശങ്ക വേണ്ട. ഏതെങ്കിലും ഒരാള്‍ക്ക് ഇരിക്കാന്‍ വേണ്ടി മൂന്ന് പേര്‍ക്ക് ഇരിക്കാന്‍ വലുപ്പത്തിലുള്ള രാജകീയ സിംഹാസനങ്ങള്‍ വേദിയില്‍ ആവശ്യമില്ല. സര്‍ക്കാര്‍ ചടങ്ങില്‍ നിന്നും ഇത്തരം സിംഹാസനങ്ങള്‍ എടുത്തു മാറ്റപ്പെടേണ്ടത് തന്നെയാണെന്നാണ് എന്റെ നിലപാട്.