X

കടലിന്റെ അടിത്തട്ട് കോരി യന്ത്രവല്‍കൃത ബോട്ടുകള്‍; മത്സ്യോല്‍പ്പാദനത്തില്‍ വന്‍ കുറവ്

നജ്മുദ്ദീന്‍ മണക്കാട്ട്

ഫറോക്ക്: അശാസ്ത്രീയ മത്സ്യബന്ധനത്തില്‍ മത്സ്യങ്ങള്‍ നിലനില്‍പ്പിനായി കേഴുന്നു. നിരോധിത മത്സ്യബന്ധനത്തില്‍ മത്സ്യോല്‍പ്പാദനം കുത്തനെ താഴ്ന്നു. സര്‍ക്കാര്‍ ധ്രുതഗതിയില്‍ അശാസ്ത്രീയവും അനധികൃതവുമായ മത്സ്യബന്ധനത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മത്സ്യങ്ങള്‍ നാമാവശേഷമാകുമെന്നും ഈ മേഖലതന്നെ തുടച്ചു നീക്കപ്പെടുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
അശാസ്ത്രീയ മത്സ്യബന്ധനത്തില്‍ ഉത്പാദനത്തില്‍ വന്‍ കുറവാണുണ്ടായത്. 2017ല്‍ 5.2 ലക്ഷം ടണ്‍ ഉത്പാദനം മാത്രമാണ് മത്സ്യബന്ധനമേഖലയില്‍ ഉണ്ടായത്. 2012ല്‍ 8.5 ലക്ഷം ടണ്‍ ആയിരുന്നു. യന്ത്രവല്‍കൃത ബോട്ടുകളുടെ വര്‍ധനവ് ഉണ്ടായതിന് ശേഷമാണ് ഇത്തരത്തില്‍ മത്സ്യക്കുറവ് ഉണ്ടായിരിക്കുന്നത്. 5,500 കോടിയുടെ സമുദ്രോല്‍പ്പന്നം ഒരു വര്‍ഷം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. അതിന്റെ അഞ്ചിലൊന്നോളം വളം പിടിക്കലിലൂടെ നഷ്ടപ്പെടുന്നുണ്ടെന്ന് സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി അധികൃതരും പറയുന്നു. മത്സ്യസമ്പത്ത് കുറഞ്ഞതോടെ കഴിഞ്ഞ ഒക്ടോബറിനുശേഷം നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്.

നിശ്ചിത വലിപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങളെ പിടിക്കരുതെന്ന് സര്‍ക്കാറും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റും കലക്ടറും നിര്‍ദ്ദേശിച്ചിട്ടും ബോട്ടുകളുടെ കടല്‍ക്കൊള്ള ഓരോ ദിവസവും തുടരുകയാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തി ട്രോളി വലകള്‍ ഉപയോഗിച്ചാണ് ചെറുമീനുകളെ കൂട്ടത്തോടെ കോരിയെടുക്കുന്നത്. ചെറുമത്സ്യങ്ങളെ വളം നിര്‍മാണത്തിനും മറ്റും ഇതര സംസ്ഥാനത്തേക്ക് കയറ്റിയയക്കുന്ന ലോബിയാണ് ഇതിന് പിന്നില്‍. ജൈവവളങ്ങളുടെ നിര്‍മ്മാണം, കോഴിത്തീറ്റ നിര്‍മ്മാണം എന്നിവയ്ക്കാണ് ചെറുമീനുകളെ പ്രധാനമായും പിടിച്ച് കയറ്റി അയക്കുന്നത്. സംസ്ഥാനത്തെ ഹാര്‍ബറുകളില്‍നിന്ന് ഓരോ ദിവസവും ടണ്‍ കണക്കിന് മത്സ്യമാണ് കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വളം നിര്‍മാണ കേന്ദ്രങ്ങളിലേക്ക് കയറ്റിപ്പോകുന്നത്.

14 ഇനം മീനുകളുടെ പിടിച്ചെടുക്കാവുന്ന കുറഞ്ഞ നീളം നിജപ്പെടുത്തി 2015 ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ മിനിമം ലീഗല്‍ സൈസ് ഏര്‍പ്പെടുത്തിയിരുന്നു. മത്തി, അയല, ചൂര, പാമ്പാട, കിളിമീന്‍, കോര, കടല്‍ക്കൊഞ്ച്, പരവ തുടങ്ങിയ 14 ഇനം മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് കുറ്റകരമാണ്. മിനിമം ലീഗല്‍ സൈസ് പ്രകാരം 58 ഇനം മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിക്കണമെന്നായിരുന്നു സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശുപാര്‍ശയെങ്കിലും 14 ഇനത്തെ പിടികൂടുന്നതിനാണ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്. മത്തി 10 സെന്റീ മീറ്റര്‍, അയല 14 സെന്റീ മീറ്റര്‍, വാള 46 സെന്റീ മീറ്റര്‍, ചമ്പാന്‍ അയല 11 സെന്റീ മീറ്റര്‍, കിളിമീന്‍ 12 സെന്റീ മീറ്റര്‍, പരവ് 10 സെന്റീ മീറ്റര്‍ എന്നിങ്ങനെയാണ് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ അളവ് പരിധി. ഇവക്ക് താഴെ വലുപ്പമുള്ള മത്സ്യങ്ങള്‍ പിടിക്കരുതെന്നാണ് നിര്‍ദേശം. 60 മീറ്ററോളം ആഴത്തില്‍ വലവിരിച്ചാണ് ബോട്ടുകള്‍ ചെറുമീനുകളെ കോരിയെടുക്കുന്നത്. പ്രജനനത്തിനൊരുങ്ങിയ മുട്ടച്ചാളകളെയും ഇതിനൊപ്പം കോരുന്നത് ഉല്‍പ്പാദനത്തെ ബാധിക്കുന്നതായി കൊച്ചിയിലെ സെന്‍ട്രല്‍ മറീന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍, യന്ത്രവല്‍കൃത ബോട്ടുകളില്‍ 2500 കിലോ എന്ന തോതില്‍ ഓരോ ഹാര്‍ബറിലും മുപ്പതോളം ബോട്ടുകളില്‍നിന്ന് നേരിട്ട് ഏജന്റുമാര്‍ വഴി ചെറുമീനുകളെ വിലയ്‌ക്കെടുക്കുകയാണ്. ഇരട്ടി വില കിട്ടുമെന്നതാണ് ചെറുമീനുകളെ പിടിക്കാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് ചെറുമത്സ്യങ്ങള്‍ നിറച്ച യന്ത്രവത്കൃത ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫൊഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. ബോട്ടിലുണ്ടായിരുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഒരു ടണ്ണോളം കുഞ്ഞുമത്സ്യങ്ങളെ ആഴക്കടലില്‍ തള്ളിയ അധികൃതര്‍ നിരോധിത മത്സ്യങ്ങള്‍ പിടിച്ചതിന് അര ലക്ഷം രൂപ പിഴയും ചുമത്തി.
കടലിന്റെ അടിത്തട്ട് വരെ വാരിയെടുക്കുന്ന ബോട്ടുകളുടെ പ്രവര്‍ത്തനത്തിനെതിരെ പരമ്പരാഗത മത്സ്യബന്ധനതൊഴിലാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് ഞങ്ങള്‍ക്ക് ആവശ്യത്തിന് മീന്‍ കിട്ടുമായിരുന്നു. ഇപ്പോള്‍ കടലില്‍ മണിക്കൂറുകളോളം നിന്നാലും ചിലപ്പോഴോക്കെ ഒന്നും കിട്ടാതെ തിരിച്ച് വരേണ്ടിവരും. എന്നാല്‍ തന്നെ അതിന്റെ പകുതി സമയം കൊണ്ട് ബോട്ടുകാര്‍ നിറയെ മീന്‍ പിടിച്ചോണ്ട് പോകുകയാണെന്നു തൊഴിലാളികള്‍പറയുന്നു. അശാസ്ത്രീയ മത്സ്യബന്ധനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണെമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്ജ് വ്യക്തമാക്കി.

chandrika: