X
    Categories: NewsSports

സെമിയില്‍ അയലങ്കം കേരളത്തിന്റെ കളി 28ന്

സന്തോഷ് ട്രോഫി സെമിഫൈനല്‍ മത്സരക്രമം വ്യക്തമായി. 28 ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളം കര്‍ണാടകയെയും 29 ന് നടക്കുന്ന രണ്ടാം സെമിയില്‍ ബംഗാള്‍ മണിപ്പൂരിനെയും നേരിടും. പയ്യനാട് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍.

അവസാന മത്സരം വരെ നീണ്ടു നിന്ന ത്രില്ലര്‍ പോരാട്ടത്തിനൊടുവിലാണ് ഗ്രൂപ്പ് ബിയിലെ ടീമുകള്‍ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. സെമി ഉറപ്പിക്കാന്‍ സമനില മാത്രം വേണ്ടിയിരുന്ന ഒഡീഷ നിര്‍ണായക മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് ടൂര്‍ണമെന്റില്‍ നിലനില്‍ക്കാന്‍ കര്‍ണാടകക്ക് അവസരം ലഭിച്ചത്. ലഭിച്ച അവസരം കര്‍ണാടക മുതലെടുക്കുകയും ചെയ്തു. പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്തിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് കര്‍ണാടക വിജയിച്ചത്. സെമിയിലെത്താന്‍ മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ വിജയിച്ചാല്‍ മതിയെന്നിരിക്കെ അക്രമ ഫുട്‌ബോളാണ് കര്‍ണാടക കാഴ്ചവെച്ചത്. മത്സരം തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയതോടെ ഒഡീഷയെ പിന്തള്ളി സെമി ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു.

നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവുമായി ഗ്രൂപ്പ് ബിയില്‍ മണിപ്പൂര്‍ നേരത്തെ തന്നെ സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു. രണ്ട് വിജയവും ഒരു സമനിലയുമായി കര്‍ണാടകക്കും ഒഡീഷ്യക്കും ഏഴ് പോയിന്റുകളായിരുന്നെങ്കിലും ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക സെമിയിലേക്ക് യോഗ്യത നേടുകയായിരുന്നു.

Chandrika Web: