X
    Categories: NewsSports

മിഷന്‍ മാന്‍

മിഷന്‍ അഥവാ ദൗത്യം.ജിജോയുടെ ദൗത്യയാത്രാ സഫലീകരണത്തിന് ഇനി രണ്ട് മല്‍സര ദൂരം.
കേരളാ നായകന്‍ ജിജോ ജോസഫ് ചന്ദ്രിക പ്രതിനിധി ഷഹബാസ് വെള്ളിലയുമായി സംസാരിക്കുന്നു

ജീവന്‍ മരണ കളിയല്ലേ..

ഗ്രൂപ്പ്ഘട്ടങ്ങളില്‍ നല്ല കളി കാഴ്ച്ചവെക്കാനായി എന്നാണ് കരുതുന്നത്. എല്ലാവരും മികച്ച ടീമുകളായിരുന്നു. ഓരോ മേഖലയില്‍ നിന്നും യോഗ്യത നേടി വന്നവര്‍. പല ദേശത്തുള്ളവര്‍. പല ഘടകങ്ങളും കളിയെ സ്വാധീനിക്കും. കായിക ക്ഷമത, വേഗത, കളിയുടെ രീതി. ഇതെല്ലാം ഓരോ ടീമിനും വ്യത്യസ്തമാകും. ഇവര്‍ക്കെതിരെ നമ്മുടെ ഗെയിം കൊണ്ട് പ്രതിരോധിക്കുക, അതിനെ അതിജയിക്കുക എന്നതാണ് കഠിനം. ഇനി കൂടുതല്‍ ജാഗ്രത വേണ്ട മത്സരങ്ങളാണ്. ഇനി ജയം മാത്രമാണ് നമുക്ക് രക്ഷ. ഓരോ കളിക്കാരനും ഇതിന്റെ ഉത്തരവാദിത്തമുണ്ട്.

ശൈലി

ആക്രമണ ഫുട്‌ബോള്‍ തന്നെയാണ് ടീം മുന്നോട്ടുവെക്കുന്നത്. കോച്ചിന്റെ ശൈലിയും അതുതന്നെ. പന്ത് കൂടുതല്‍ കൈവശം വെക്കുക, ആക്രമിക്കുക. ഇത് തന്നെയാകും സെമിയിലും തുടരുക. അതോടൊപ്പം പ്രതിരോധത്തില്‍ കൂടുതല്‍ കരുതലും ആവിശ്യമാണ്. മധ്യനിരയും മുന്നേറ്റനിരയും കൂടുതല്‍ ഒത്തിണക്കത്തോടെ തന്നെ കളിക്കും. സെമി എന്നത് മറ്റൊരു ഫൈനല്‍ അല്ലേ.

കെമിസ്ട്രി

ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച കോച്ചാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്രയും പരിജയസമ്പത്തുള്ളവരാണ്. അദ്ദേഹത്തിന്റെ എല്ലാ നീക്കങ്ങളും ഇതുവരെ വിജയിച്ചു. സബുകളെല്ലാം സൂപ്പറായിരുന്നു. കൃത്യ സമയം. അവരുടെ ദൗത്യം അവരും നിര്‍വഹിച്ചു. അത് പലപ്പോഴും കളിയുടെ ഗതി തന്നെ മാറ്റി. ബംഗാളുമായുള്ള വിജയം ഒന്നും മറക്കാന്‍ കഴിയില്ല. അദ്ദേഹം എല്ലാം തുറന്നുപറയും. എന്തെങ്കിലും പോരായ്മ കളിയില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പറയും. അത് തിരുത്തണം എന്നും ഉപദേശിക്കും. അത് കളിക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഗുണമാണ്. അവരുടെ പോരായ്മകള്‍ അവര്‍ക്ക് തിരിച്ചറിയാനും ആവര്‍ത്തിക്കാതിരിക്കാനും പറ്റും.

സഹസംഘം

ടീമിലെ യുവതാരങ്ങളെല്ലാം തകര്‍ത്തുകളിച്ചു എന്നത് ഏറെ സന്തോഷകരമാണ്. ജസിനും നൗഫലും സഹീഫും സോയല്‍ ജോഷിയും സഫ്‌നാദും എല്ലാവരും തകര്‍ത്തു. അവര്‍ ക്ലബ്ബുകള്‍ക്കെല്ലാം കളിച്ച് പരിജയസമ്പത്തുള്ളവരാണ്. അവര്‍ കളികളത്തിലെത്തുമ്പോള്‍ തന്നെ വലിയ ആരവങ്ങള്‍ ഉയരുന്നു. അത് ടീമിന് മൊത്തം ലഭിക്കുന്ന ഊര്‍ജ്ജം ചെറുതല്ല. ടീമില്‍ ജൂനിയര്‍ സീനിയര്‍ എന്ന വ്യത്യാസമൊന്നുമില്ല. എല്ലാവരും അവരവരുടെ റോള്‍ ഭംഗിയാക്കുന്നു. അത് ഫലം കാണുന്നുണ്ട്. പഞ്ചാബുമായി നടന്ന അവസാന മത്സരത്തില്‍ പരിക്കുപറ്റി കയറേണ്ടി വന്ന മിഥുന്‍ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. പരിശീലനത്തിനെല്ലാം ഇറങ്ങിയിരുന്നു. സെമി ഫൈനലില്‍ മിഥുന്‍ തന്നെയാകും വല കാക്കുക. ഹജ്്മലിനും അവസരം കിട്ടിയത് ടീമിന് ഗുണമാണ്. എല്ലാവരും ഫോമിലേക്ക് ഉയരുന്നതും അവസരം കിട്ടുന്നതുമെല്ലാം ടീമിന് കരുത്താണ്.

ഓഫറുകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സന്തോഷ് ട്രോഫി മാത്രമാണ് മനസ്സില്‍. ആ കിരീടം മാത്രമാണ് സ്വപ്നം. നിലവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് കളിക്കാര്‍ക്ക് മറ്റു ദേശീയ ലീഗില്‍ കളിക്കാന്‍ പ്രയാസം ഉണ്ട്. അനുമതി തന്നെയാണ് പ്രശ്‌നം. സാലറി വേണ്ട, ക്ലബ്ബ് നല്‍കുന്ന തുകയുടെ 15 ശതമാനത്തോളം ഡി്പ്പാര്‍ട്ട്‌മെന്റിന് നല്‍കാമെന്നുള്ള പല വിധ ‘ഓഫറുകളും’ നല്‍കാന്‍ കളിക്കാരും തയ്യാറാകുന്നുണ്ടെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മുഖംതരിച്ചുതന്നെയാണ്. എന്തായാലും ഇതിലേക്ക് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നില്ല. സുഹൃത്തുക്കളായ ഐ.എസ്.എല്‍ താരങ്ങളോടെല്ലാം ചര്‍ച്ച ചെയ്ത് ഭാവിയില്‍ തീരുമാനിക്കും.

സ്വപ്‌നം

സന്തോഷ് ട്രോഫി കിരീടം നേടുന്ന നായകന്‍ എന്ന പദവി വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. എനിക്ക് വേണ്ടി മാത്രമല്ല. എന്റെ കൂടെ കളിക്കുന്നവര്‍ ഓരോരുത്തരും കഠിനമായി ആഗ്രഹിക്കുന്നു. സന്തോഷ് ട്രോഫി ചാമ്പ്യന്‍സ് ആവാന്‍. ഞങ്ങളെല്ലാം അതിനായി പരമാവധി ഒരുങ്ങുന്നു. അവസാന മത്സരത്തിന് ശേഷം ഒരു ദിവസം പരിശീലനത്തിന് അവധിയായിരുന്നു. ഞായറാഴ്ച്ച മുതല്‍ വീണ്ടും പരിശീലനം തുടങ്ങി. വൈകുന്നേരം രണ്ടു മണിക്കൂര്‍ ആണ് പരിശീലനം. ചൂടായതിനാല്‍ ഒരു നേരത്ത് മാത്രമാണ് പരിശീലനം സാധ്യമാകുക. എതിരാളികള്‍ ആരെന്ന് നോക്കാറില്ല. ആക്രമണ ഫുട്‌ബോള്‍ തന്നെയാണ് ലക്ഷ്യം. അതിലൂടെ ഗോള്‍ നേടാനാകും വിജയം സ്വന്തമാക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഫാന്‍സ്

മലപ്പുറത്തെ കാണികള്‍ വെറെ ലെവലാണ്. ഫുട്‌ബോളിനെ കുറിച്ച് എല്ലാം അറിയുന്നവരാണ്. വിലയിരുത്തുന്നവരാണ്. അവരുടെ പിന്തുണ തന്നെയായിരുന്നു ഇതുവരെ കരുത്തോടെ നീങ്ങാനുള്ള ഇന്ധനമായത്. തുടര്‍ന്നും അതുണ്ടാകുമെന്നുറപ്പാണ്. അവരെ കൂടി സംതൃപ്തിയാക്കുക എന്ന വലിയ വെല്ലുവിളിയുണ്ട്. നല്ല കളി കാഴച്ചവെക്കും. ജയിച്ചു കപ്പുയര്‍ത്തുക എന്നത് തന്നെയാണ് പ്രധാനം. വീട്ടുകാരും ബന്ധുക്കളുമെല്ലാം കളി കാണാന്‍ വരുന്നുണ്ട്. പക്ഷെ എന്റെ അപ്പനും അമ്മക്കുമെല്ലാം കളി കാണാന്‍ ഭയങ്കര പേടിയാണ്. മാനസിക സമ്മര്‍ദ്ദം താങ്ങാനാവില്ലെന്നതാണ് അവരുടെ പ്രശ്‌നം. കളി കഴിഞ്ഞാല്‍ എന്തായി എന്ന് ചോദിച്ച് വിളിക്കും. അതുവരെ പ്രാര്‍ത്ഥനയില്‍ മുഴുകും. എല്ലാവരും പ്രാര്‍ത്ഥിക്കണം. നമുക്ക് കപ്പടിക്കണം…

Chandrika Web: