കോട്ടയം: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രക്കിങിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവ മലയാളി ദമ്പതികള്‍ കാല്‍ വഴുതി കൊക്കയില്‍ വീണ് മരിച്ചു. തലശ്ശേരി കതിരൂര്‍ ഭാവുകത്തില്‍ വിഷ്ണു (29) ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച യോസാമിറ്റി നാഷണല്‍ പാര്‍ക്കിലെ ട്രക്കിങിനിടെയാണ് അപകടമുണ്ടായത്. 3000 അടി ഉയരത്തില്‍ നിന്നാണ് ഇരുവരും താഴേക്ക് വീണത്. ഇന്നലെ യു.എസിലെ ഇന്ത്യന്‍ കൗണ്‍സുലേറ്റാണ് വിവരം അറിയിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിതറിപോയിരുന്നു.

പോക്കറ്റില്‍ നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സില്‍ നിന്നാണ് മരിച്ചവര്‍ ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞത്. വിഷ്ണു കാലിഫോര്‍ണിയയില്‍ സിഡ്‌കോ സോഫ്റ്റ്‌വെയര്‍ കമ്പനി എഞ്ചിനീയറാണ്. മീനാക്ഷി ഐ.ടി കമ്പനി ജീവനക്കാരിയാണ്.