ന്യൂഡല്‍ഹി: വിമാനത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് മലയാളി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മലയാളി കാബിന്‍ ക്രൂ ഉദ്യോഗസ്ഥനാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്. ദുബൈ-ചെന്നൈ-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ നിന്നാണ് രണ്ടര കിലോ കഞ്ചാവ് പിടികൂടിയത്. ചെന്നൈ വഴി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് വിമാനത്തില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് ട്രോളിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രണ്ടര കിലോ കഞ്ചാവ് കണ്ടെടുത്തു. ഒരു മാസത്തിലധികമായി ഡല്‍ഹി കസ്റ്റംസ് കഞ്ചാവ് കടത്ത് അന്വേഷിച്ചുവരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.