X

ഭരണനിര്‍വഹണത്തില്‍ വീണ്ടും കേരളം ഒന്നാമത്; ആദ്യ നാല് സ്ഥാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്

ബംഗളൂരു: പബ്ലിക് അഫയേഴ്‌സ് സെന്റര്‍ പുറത്തു വിട്ട പബ്ലിക് അഫയേഴ്‌സ് ഇന്റക്‌സ് (പി.എ.ഐ) 2018 പ്രകാരം മികച്ച ഭരണ നേട്ടവുമായി കേരളം രാജ്യത്ത് ഒന്നാമതായി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. 2016 മുതലാണ് പബ്ലിക് അഫയേഴ്‌സ് സെന്റര്‍ ഇന്റക്‌സ് പുറത്തിറക്കാന്‍ തുടങ്ങിയത്. അന്നുമതുല്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിനു പിന്നാലെ തമിഴ്‌നാട്, തെലുങ്കാന, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. അതേ സമയം ബി.ജെ.പിയും സഖ്യകക്ഷിയായ ജെ.ഡി.യുവും ഭരണം കയ്യാളുന്ന മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഭരണ കാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. രണ്ടു കോടിക്കു താഴെ ജനസംഖ്യയുള്ള ചെറു സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഹിമാചല്‍ പ്രദേശാണ് ഒന്നാമതെത്തിയത്. ഗോവ, മിസോറം, സിക്കിം, തിപ്രുര എന്നീ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ചില്‍ ഇടം നേടിയത്. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് പബ്ലിക് അഫയേഴ്‌സ് സെന്റര്‍ പഠനം നടത്തിയത്. ഇതിനായി 30 പ്രധാന വിഷയങ്ങളും 100 ഓളം സൂചകങ്ങളും തെരഞ്ഞെടുത്തിരുന്നു. നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് സ്വകാര്യ രേഖകളെ ഒഴിവാക്കിയതായി പി.എ.സി അറിയിച്ചു.

chandrika: