ലക്‌നോ: സംസ്ഥാന പ്രസിഡണ്ടായിരിക്കെ ശിവപാല്‍ യാദവ് പുറത്താക്കിയ നേതാക്കളെയെല്ലാം സമാജ്് വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. മുഖ്യമന്ത്രിയും എസ്.പി ദേശീയ പ്രസിഡണ്ടുമായ അഖിലേഷ് യാദവ് ബുധനാഴ്ചയാണ് തിരിച്ചെടുക്കല്‍ തീരുമാനത്തിന് അനുമതി നല്‍കിയത്. നേരത്തെ വഹിച്ചിരുന്ന പദവി തന്നെ ഇവര്‍ക്ക് തിരിച്ചു നല്‍കിയതായി എസ്.പി വൃത്തങ്ങള്‍ വ്യക്തമാക്കി. അഞ്ച് നിയമസഭാ കൗണ്‍സില്‍ അംഗങ്ങളും തിരിച്ചെടുത്തവരില്‍ ഉള്‍പ്പെടും.

എം.എല്‍.സിമാരായ സഞ്ജയ് ലത്താര്‍, സുനില്‍ സിങ് യാദവ്, ആനന്ദ് ബഹദുരിയ, അര്‍വിന്ദ് പ്രതാപ് സിങ്, ഉദയ്‌വീര്‍ സിങ്, എസ്.പി യൂത്ത് ബ്രിഗേഡ് ദേശീയ പ്രസിഡണ്ട് ഗൗരവ് ദുബെ, യൂത്ത് ബ്രിഗേഡ് സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഇബാദ്, യുവജനസഭാ സംസ്ഥാന പ്രസിഡണ്ട് ബ്രജേഷ് യാദവ്, സമാജ്് വാദി ഛത്രസഭാ സംസ്ഥാന പ്രസിഡണ്ട് ദിഗ്‌വിജയ് സിങ് ഡിയോ എന്നിവരെയാണ് തിരിച്ചെടുത്തതെന്ന് പുതുതായി നിയമതിനായ എസ്.പി സംസ്ഥാന പ്രസിഡണ്ട് നരേഷ് ഉത്തം പട്ടേല്‍ പറഞ്ഞു.