X

അന്നം തരുന്നവരെ കൊല്ലുകയോ-എഡിറ്റോറിയല്‍

An Indian farmer looks skyward as he sits in his field with wheat crop that was damaged in unseasonal rains and hailstorm at Darbeeji village, in the western Indian state of Rajasthan, Friday, March 20, 2015. Recent rainfall over large parts of northwest and central India has caused widespread damage to standing crops. (AP Photo/Deepak Sharma)

 

കുറ്റം ആരോപിക്കപ്പെട്ടതുകൊണ്ടുമാത്രം കൊലക്കയറില്‍ തൂക്കിക്കൊല്ലപ്പെട്ടവരുടെ കഥകള്‍ രാജ-ജന്മി-ഭൂപ്രഭുത്വകാലത്തിലായിരുന്നു. ജനങ്ങളുടെ ഇച്ഛയിലേക്ക് ലോകത്തെ ഭരണ വ്യവസ്ഥകള്‍ മാറി നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പൗരന്മാരെ ഭരണാധികാരികള്‍ ഇന്നും വാഹനമിടിച്ചും മറ്റും കൊലപ്പെടുത്തുന്നതിനെ ജനാധിപത്യത്തെ വ്യഭിചരിക്കുന്നുവെന്നേ പറയാനാകൂ. ഈ സ്ഥിതിവിശേഷം സംജാതമായിട്ട് നാളുകളേറെയായെങ്കിലും കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍നടന്ന കൂട്ടക്കൊലയെ കാടത്തം എന്നല്ലാതെ വിശേഷിപ്പിക്കാന്‍ മറ്റു പദങ്ങളില്ല. ഉത്തര്‍പ്രദേശ് തലസ്ഥാനത്തുനിന്ന് നാലുമണിക്കൂര്‍മാത്രം യാത്രാദൂരമുള്ള ലക്കിംപൂര്‍ഖേരിയില്‍ ഞായറാഴ്ചയുണ്ടായ കൂട്ടക്കൊല പൗരന്മാര്‍ തമ്മില്‍ പരസ്പര വൈരത്താല്‍ ചെയ്തുപോയതല്ലെന്നും കേന്ദ്ര സര്‍ക്കാരിലെ ഒരുമന്ത്രിയുടെ പരോക്ഷമായ ഒത്താശയോടെ അദ്ദേഹത്തിന്റെ മകനാണ് ചെയ്തതെന്നും അറിയുമ്പോഴാണ് നമ്മുടെ അഭിമാന നാട് എത്തിപ്പെട്ടിരിക്കുന്ന ദുര്‍ഗതിയുടെ അഗാധതയെക്കുറിച്ച് കുണ്ഠിതപ്പെടേണ്ടിവരുന്നത്.

ലക്കിംപൂര്‍ഖേരിയിലെ കര്‍ഷക പ്രക്ഷോഭം നടക്കുന്ന സ്ഥലത്തേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കാറോടിച്ചുകയറ്റിയതാണ് സ്ഥലത്ത് ഒന്‍പതു പേരുടെ ദാരുണ മരണത്തിലേക്കെത്തിച്ചതും നാടിനെയും ലോകത്തെതന്നെയും ഞെട്ടിച്ചതും. സംഭവത്തിനുമുമ്പ് മന്ത്രി മിശ്രയുടെ വകയായി കര്‍ഷകര്‍ക്കെതിരായ ഭീഷണിയും വെല്ലുവിളിയും നിറഞ്ഞ വീഡിയോ കര്‍ഷക സമരവേദിയില്‍ പ്രചരിച്ചിരുന്നു. വേണ്ടിവന്നാല്‍ രണ്ടു മിനിറ്റുകൊണ്ട് താനീ സമരം അവസാനിപ്പിക്കുമെന്നാണ് വീഡിയോയിലൂടെ മന്ത്രി പറഞ്ഞത്. ഇതിന് തൊട്ടുപിറകെതന്നെ മന്ത്രി പുത്രന്റെ വാഹനം സമരക്കാരുടെമേല്‍ ഇടിച്ചുകയറുമ്പോള്‍ അതിലെന്ത് യാദൃച്ഛികതയാണുള്ളത്. കാറിടിച്ച് കര്‍ഷകര്‍ മരിക്കുകയും ഏതാനും സമരക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ പ്രതിഷേധക്കാര്‍ തിരിച്ച് കാറുകള്‍ കത്തിച്ചതിനെ സ്വാഭാവിക പ്രതികരണമെന്നേ പറയാന്‍ കഴിയൂ. പക്ഷേ അതില്‍ കൊല്ലപ്പെട്ടവര്‍ നാലു പേരും ബി.ജെ.പിക്കാരാണെന്നതുതന്നെ സംഭവത്തിന്റെ ഗൂഢാലോചനയുടെ ചുരുളുകളഴിക്കുന്നതാണ്. മരണപ്പെട്ട മറ്റു രണ്ടു പേര്‍ ഡ്രൈവറും മാധ്യമപ്രവര്‍ത്തകനുമാണ്. സര്‍ക്കാരും ബി.ജെ.പിക്കാരും ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് അനുമാനിക്കാന്‍ ഇതിലധികം എന്തുതെളിവാണ് വേണ്ടത്?

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കോവിഡ് മഹാമാരിയും തണുപ്പും മഴയും വെയിലും തൃണവല്‍ഗണിച്ചുകൊണ്ട് രാജ്യത്തെ പാവപ്പെട്ടവരും ഇടത്തരക്കാരുമായ കര്‍ഷകര്‍ നടത്തിവരുന്ന കേന്ദ്ര സര്‍ക്കാരിനെതിരായ സമാധാനപരമായ സമരത്തെ അനുരഞ്ജനത്തിലൂടെയും ചര്‍ച്ചയിലൂടെയും പരിഹരിക്കേണ്ട ഉത്തരവാദിത്തമുള്ള ഭരണകൂടവും അതിന്റെ നേതൃത്വവും എന്തുമാത്രം അക്ഷമരും ജനാധിപത്യവിരുദ്ധരുമായാണ് ഈ അന്നദാതാക്കളോട് പെരുമാറുന്നത്. കഠിനാധ്വാനത്തിലൂടെ രാജ്യത്തെ 130 കോടി ജനതയെ പ്രാതികൂല്യ കാലാവസ്ഥകളില്‍ കാര്‍ഷിക വിളകള്‍ വിളയിച്ച് അന്നമൂട്ടുന്നതാണോ ഇക്കൂട്ടര്‍ ചെയ്യുന്ന കുറ്റം. ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാരും അധികാരിവര്‍ഗവും ഇതൊക്കെ ചെയ്തുകൂട്ടുന്നത്. ലോകോത്തര വ്യവസായ കുത്തകകള്‍ക്ക് രാജ്യത്തെ സകലതും തീറെഴുതുന്നവര്‍ക്ക് ജനങ്ങളുടെ അവസാനത്തെ ജീവിതാശ്രയമായ കാര്‍ഷിക രംഗവും കൂടി വിട്ടുകൊടുത്താലുണ്ടാകുന്ന ദുരിതത്തെക്കുറിച്ചോര്‍ത്താണ് രാജ്യത്തെ കര്‍ഷകര്‍ ഇത്തരത്തിലൊരു സമരത്തിലേക്ക് 2019 സെപ്തംബറോടെ ഇറങ്ങിപ്പുറപ്പെട്ടത്. ഈ സമരം അതുകൊണ്ടുതന്നെ കേവലം ഈ കര്‍ഷകരുടെ പ്രശ്‌നമല്ല. അധികാരികളടക്കമുള്ള ഇന്ത്യയിലെ കോടിക്കണക്കിന ്മനുഷ്യരുടെ ജീവല്‍പ്രശ്‌നമാണ്.

പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും കര്‍ഷകരാണ ്പ്രധാനമായും മൂന്നു കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ പോരാടുന്നതെങ്കിലും കുറവല്ലാത്ത പ്രാതിനിധ്യം രാജ്യത്തെ മഹാരാഷ്ട്രയിലെയും ദക്ഷിണേന്ത്യയിലെയും മറ്റും കര്‍ഷകരില്‍നിന്ന് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് കര്‍ഷകസമരം നിലയ്ക്കാതെ നീണ്ടുപോകുന്നതും. കര്‍ഷകര്‍ മാത്രം സമരം നടത്തി സ്വയം പിരിഞ്ഞുപോകുമെന്ന ്കരുതിയതാണ് സര്‍ക്കാരിന് പറ്റിയ പിശക്. രാജ്യത്ത് പത്തു വര്‍ഷത്തിനിടെ മുപ്പതിനായിരത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യപ്പെട്ടെങ്കില്‍ അതിനിയും തുടരാനാവില്ലെന്നും മരിക്കുകയെങ്കില്‍ പോരാടി മരിക്കാമെന്നുള്ള ദൃഢനിശ്ചയമാണ് ഈ ചരിത്ര പ്രക്ഷോഭത്തിന്റെ ഇന്ധനം. രാജ്യദ്രോഹികളെന്നു മുദ്രകുത്തി ഇവരെയും തുറുങ്കിലടച്ചും വെടിവെച്ചും കൊന്നും തുടരാമെന്ന മോഹത്തിനേറ്റ തിരിച്ചടിയാണ് ഡല്‍ഹിയിലും ലക്കിംപൂരിലും കണ്ട കര്‍ഷക പ്രതിഷേധം. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന പണിയാണിപ്പോള്‍ മോദി സര്‍ക്കാര്‍ കര്‍ഷകരോട് കാട്ടിയിരിക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സംഭവസ്ഥലത്തേക്ക് പോകാനാകാതെ തടങ്കലില്‍വെച്ചതും ബി.ജെ.പിയുടെ കാഞ്ഞബുദ്ധിയാണ്. വരാനിരിക്കുന്ന യു.പി, പഞ്ചാബ് നിയമസഭാതെരഞ്ഞെടുപ്പുകളെ ഭയന്നുള്ള പേക്കൂത്താണ് മോദിയും കൂട്ടരും കാട്ടിക്കൂട്ടുന്നതെങ്കിലതിന് അധികമൊന്നും ആയുസ്സില്ലെന്ന് ഓര്‍മിപ്പിക്കട്ടെ. ഹിന്ദുത്വ വര്‍ഗീയതകൊണ്ട് എന്നും രാജ്യം ഭരിക്കാമെന്ന വ്യാമോഹത്തിനാണ് കര്‍ഷകര്‍ അവസാന ആണിയും അടിച്ചുകൊണ്ടിരിക്കുന്നത്. കര്‍ഷക വിരുദ്ധ കരിനിയമങ്ങളപ്പാടെ പിന്‍വലിച്ച് രാജ്യത്തോട് മാപ്പുപറയുകയാണ് മോദി സര്‍ക്കാര്‍ ചെയ്യേണ്ടത്.

 

web desk 3: