X

തുടക്കത്തിലെ പ്രകടനം നിലനിര്‍ത്താനായില്ല; പഞ്ചാബ് പുറത്തേക്ക്

മുംബൈ: ഐ.പി.എല്‍ സീസണില്‍ ആദ്യ ഏഴ്് മല്‍സരങ്ങളില്‍ അഞ്ചിലും വിജയം വരിച്ചവരാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. വളരെ ശക്തമായി സീസണ് തുടക്കമിട്ട ടീം പക്ഷേ ഇപ്പോള്‍ പുറത്താവലിന്റെ വക്കിലാണ്. കഴിഞ്ഞ ദിവസം മുംബൈയോടും പരാജയപ്പെട്ട ടീമിന് ചാമ്പ്യന്‍ഷിപ്പില്‍ ഇനി ഒരു മല്‍സരം മാത്രമാണ് ബാക്കി. അത് ജയിച്ചാലും പ്ലേ ഓഫ് സാധ്യത ഉറപ്പുമില്ല. ഏപ്രില്‍ അവസാനത്തില്‍ ഒരാഴ്ച്ച അവധിയെടുത്ത ടീമിന് രണ്ടാം വരവില്‍ തൊട്ടതെല്ലാം പിഴക്കുകയാണ്. വ്യക്തിഗത പ്രകടനങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ് ടീമിന്റെ തകര്‍ച്ചക്ക് പ്രധാന കാരണം. ബാറ്റിംഗില്‍ രണ്ട് പേര്‍ മാത്രമാണ് നട്ടെല്ല്. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും ക്രിസ് ഗെയിലും. അപാര ഫോമിലാണ് രാഹുല്‍ കളിക്കുന്നത്. 652 റണ്‍സാണ് അദ്ദേഹം ഇതിനകം നേടിയത്. ആറ് അര്‍ധ ശതകങ്ങള്‍ സ്വന്തമാക്കി. കഴിഞ്ഞ മല്‍സരത്തില്‍ മുംബൈയെ ഒറ്റക്ക് തോല്‍പ്പിക്കാന്‍ കഴിയുന്ന തരത്തില്‍ കളിച്ചപ്പോഴാണ് അവസാനത്തില്‍ ജസ്പ്രീത് ബുംറയുടെ ബൗണ്‍സറില്‍ വീണത്. ക്രിസ് ഗെയിലാവട്ടെ സ്ഥിരതയില്ലാത്ത പ്രകടനക്കാരനാണ്. ഒരു സെഞ്ച്വറി സ്വന്തമാക്കിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹത്തിന്റെ സേവനം ടീമിന് ഉപകാരമാവുന്നില്ല. 368 റണ്‍സാണ് ഇതിനകം അദ്ദേഹം നേടിയത്. യുവരാജ്‌സിംഗ്, മായങ്ക് അഗര്‍വാള്‍, കരണ്‍ നായര്‍ എന്നിവരെല്ലാമുണ്ടെങ്കിലും ആരും വിശ്യാസ്യത പുലര്‍ത്തുന്നില്ല. ബൗളിംഗില്‍ ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്ര്യു ടൈ മാത്രമാണ് സ്ഥിരത കാട്ടുന്നത്. 24 വിക്കറ്റുകളാണ് ഇതിനകം ടൈ വീഴ്ത്തിയത്. അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജിബ് റഹ്മാനും ഭേദമാണ്. ഇവര്‍ കഴിഞ്ഞല്‍ ടീമിന്റെ നായകന്‍ ആര്‍.അശ്വിന്‍ പോലും ദുരന്തമാണ്. മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ 37 എന്ന ഘട്ടത്തില്‍ നിന്നുമാണ് ടൈ വരുന്നതും സ്‌ക്കോര്‍ മൂന്ന് വിക്കറ്റിന് 59 റണ്‍സ് ആക്കി മാറ്റിയതും. പക്ഷേ മറുഭാഗത്ത് നിന്ന് അദ്ദേഹത്തിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ല. ഈ കാര്യം മല്‍സര ശേഷം ടൈ തുറന്ന് പറയുകയും ചെയ്തു. മുംബൈക്കെതിരെ ജയിക്കാന്‍ കഴിയാതിരുന്നത് വേദനാജനകമാണെന്നാണ് ടൈ വ്യക്തമാക്കിയത്. 186 റണ്‍സ് ചേസ് ചെയ്യാന്‍ കഴിയാതെ വരുന്നത് ടീമിന്റെ പരാജയമാണ്. രാഹുലിനെ പോലെ മറ്റുളളവര്‍ ബാറ്റേന്തണം. എന്നെയും മുജീബിനെയും പോലെ പന്തെറിയണം. അവിടെയാണ് ടീം വിജയിക്കുകയെന്നും ടൈ പറഞ്ഞു.
12 പോയന്റുമായി ആറാം സ്ഥാനത്താണ് ടീം ഇപ്പോള്‍. അവസാന മല്‍സരം ശക്തരായ ചെന്നൈയുമായാണ്. ആ മല്‍സരം ജയിച്ചാലും മുംബൈയും രാജസ്ഥാനും സ്വന്തം മല്‍സരങ്ങള്‍ തോല്‍ക്കാനും പഞ്ചാബ് പ്രാര്‍ത്ഥിക്കണം. കാരണം നെറ്റ് റണ്‍റേറ്റില്‍ അവര്‍ വളരെ പിറകിലാണ്.

chandrika: