മലപ്പുറം: കിഴിശേരിയിലെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് അടിയന്തിര അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം മേധാവിക്കും മലപ്പുറം ഡിഎംഒക്കുമാണ് അന്വേഷണ ചുമതല നല്‍കിയത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ബി.മനുവാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

എന്‍.സി മുഹമ്മദ് ഷെരീഫ്-സഹല തസ്‌നീം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് മരിച്ചത്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിയമ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെകെ ശ്രീവാസ്തവ സംസ്ഥാന ഡിഎംഇക്കും ആരോഗ്യ കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നേരത്തെ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അടിയന്തിര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.