ഇരട്ട നീതി തന്നെയാണ് ഇവിടെ നടക്കുന്നത്; അത് മുസ്ലിംകള്‍ക്കെതിരെയും, ഫാസിസ്റ്റുകളുടെ ശത്രുപക്ഷത്തുള്ളവരുടെയും നേരെ നിര്‍ബാധം തുടരുന്നുമുണ്ട്; പക്ഷെ, അത് മുസ്ലിംകളുടെ മാത്രം പ്രശ്‌നം ആയി കാണാനും അങ്ങിനെ അതിനെ ചെറുതാക്കാനും ശ്രമിക്കുന്നത് അപകടകരവും ഫാസിസ്റ്റുകള്‍ക്കു വളം വെച്ച് കൊടുക്കലുമാണ്.

ഇന്ത്യയില്‍ ആകമാനം ഫാസിസ്റ്റു ശക്തികള്‍ തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരുടെ നാവ് അരിയാന്‍ ഭരണകൂടങ്ങളെ തങ്ങളുടെ മര്‍ദ്ദനോപാധികള്‍ ആക്കി മാറ്റി നിയമങ്ങളെ ദുരുപയോഗം ചെയ്യുമ്പോള്‍ അതിന്റെ ചുവടു പിടിച്ചു തന്നെയാണ് ശ്രീ പിണറായിയുടെ പോലീസും മുന്നോട്ട് പോകുന്നത്. മുസ്ലിം ലീഗ് ഉയര്‍ത്തി പിടിക്കുന്ന വിഷയം ഒരു എംഎം അക്ബറിന്റെ മാത്രമല്ല. അതിനെ ഒരു മുസ്ലിം പ്രശ്‌നം മാത്രമായും അല്ല മുസ്ലിം ലീഗ് കാണുന്നതും.

യുഎപിഎ ദുരുപയോഗം അടക്കമുള്ള വിഷയങ്ങളില്‍ മുസ്ലിം ലീഗിന്റെ നിലപാട് സുവ്യക്തവും സുചിന്തിതവും ആണ്. ഞങ്ങളുടെ പ്രിയ അനുജന്‍ ഷുക്കൂറിനെ അരും കൊല ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളായിട്ടു പോലും മനോജ് വധക്കേസില്‍ ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോള്‍ അതിനെതിരെ നിലപാട് എടുത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. വ്യക്തിപരമായി അതിനെ പരസ്യമായി തന്നെ എതിര്‍ത്ത ആളാണ് ഈ ഞാനും.

ഏതു മുന്നണി അധികാരത്തില്‍ ഇരുന്നപ്പോഴും കേരളത്തില്‍ സംഭവിച്ചിട്ടില്ലാത്ത നാണം കെട്ടതും ഭീതിതവുമായ ഒരു പോലീസ് ഭരണം ആണ് ഇവിടെ നടക്കുന്നത്. ഒരു വേള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പോലും വെല്ലുന്ന സംഘി ദാസ്യവേല ചെയ്യുന്ന പോലീസ് ആയി കേരളത്തിലെ പോലീസ് മാറിയിരിക്കുന്നു. എംഎം അക്ബര്‍ ഇവിടെ അയാളുടെ മതം കൊണ്ടോ, ജാതി കൊണ്ടോ വിശ്വാസം കൊണ്ടോ അല്ല അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്, മറിച്ചു അയാള്‍ സംഘ് വിരുദ്ധന്‍ ആണ് എന്നതാണ്! ഗൗരിയും, മുണ്ടൂര്‍ രാവുണ്ണിയും, രജീഷും, കമലും, കമല്‍ സി ചവറയും, നദിയും ഒക്കെ ചേരുന്ന ഒരു കൂട്ടത്തിലെ ഒരു പേര് മാത്രമാണ് അക്ബറും.

കല്ബുര്ഗിയും, ടീസ്റ്റയും, സഞ്ജീവ് ഭട്ടും തുടങ്ങി നിരവധി പേരുകളുടെ തുടര്‍ച്ച മാത്രമാണ് ഇത്!! അഖ്‌ലാഖിന്റെയും, രോഹിത് വെമുലയുടെയും, നജീബിന്റേയും ഒക്കെ ജനുസ്സില്‍ ഉള്ളവര്‍ ആണ് ഇവര്‍!! അവര്‍ക്കു വേണ്ടി ഉള്ളതാണ് മുസ്ലിം ലീഗിന്റെ പോരാട്ടം!!

ഇവിടെ വേട്ടയാടപ്പെടുന്നത് ഫാസിസ്റ്റു രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ ആണ്; അവര്‍ക്കെതിരെ സംസാരിക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ ആണ്; ഇന്ത്യയുടെ ആത്മാവിനെ നിലനിര്‍ത്താന്‍ വേണ്ടി പോരാടുന്നവര്‍ ആണ്! അങ്ങിനെ വേട്ടയാടപ്പെടുന്നവരില്‍ മുസ്ലിംകള്‍ ഉണ്ട്, മറ്റു മതസ്ഥരുണ്ട്, മതമില്ലാത്തവരുണ്ട്. എന്നാല്‍ ഇവര്‍ക്കൊക്കെ പൊതുവായുള്ള ഒരു മതം ഫാസിസ്റ്റു വിരുദ്ധതയുടേത് ആണ്! ആ ‘മത’ത്തിലുള്ളവരെ അടിച്ചമര്‍ത്താന്‍ ഉള്ള ഒരു മര്‍ദ്ദനോപാധി ആയി നമ്മുടെ പോലീസ് മാറുന്നു എന്നുള്ളത് അത്യന്തം ഗൗരവുള്ളതും സങ്കടകരവും ആയ കാഴ്ചയാണ്!!

കമലിന്റെ വീട്ടു മുറ്റത്ത് ദേശീയഗാനത്തെ അപമാനിച്ചവര്‍ വിലസുന്ന നാട്ടില്‍, ശശികല ഇപ്പോഴും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന നാട്ടില്‍, രജീഷ് സസ്‌പെന്ഷനില് ആകുന്നതും നദിയും മുണ്ടൂര്‍ രാവുണ്ണിയും ഒക്കെ ജയിലില്‍ ആകുന്നതും കാരാഗ്രഹത്തിന്റെ നിഴലില്‍ നിരപരാധികള്‍ കഴിയുന്നതും ഇരട്ട നീതി അല്ലാതെ വേറെ എന്താണ് മിസ്റ്റര്‍ പിണറായി?