കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചി നഗരത്തില്‍ യുവജന സംഘടനകളുടെ വന്‍ പ്രതിഷേധം. സദാചാര പൊലീസിനെതിരെയും ഇതിന് പ്രോത്സാഹനം നല്‍കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും രൂക്ഷമായ മുദ്രാവാക്യങ്ങളുയര്‍ത്തി നടന്ന വിവിധ പ്രതിഷേധ പരിപാടികളില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, എ.ഐ.വൈ.എഫ്, മറ്റു വിവിധ സംഘടനകള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികള്‍. ബുധനാഴ്ച രാത്രി കിസ് ഓഫ് ലവ് ഫെയ്‌സ്ബുക്ക് പേജില്‍ സമരാഹ്വാനം ഉണ്ടായതിനെ തുടര്‍ന്ന് ഉച്ചയോടെ തന്നെ നിരവധി പേര്‍ മറൈന്‍ഡ്രൈവിലെത്തി. കാഴ്ച്ചക്കാരായി നിരവധി പേരും ഉണ്ടായിരുന്നു. സദാചാര പൊലീസിനെതിരെയുള്ള തെരുവ് നാടകത്തോടെയാണ് പ്രതിഷേധം തുടങ്ങിയത്. കുട ചൂടി ഒന്നിച്ചിരുന്നും പരസ്പരം ചുംബിച്ചും സംഘം പ്രതിഷേധം പ്രകടിപ്പിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം മറൈന്‍ ഡ്രൈവിലുണ്ടായിരുന്നു. ക്രമസമാധനത്തിന് തടസം സൃഷ്ടിച്ചാല്‍ മാത്രമേ ഇടപെടാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദ്ദേശം ലഭിച്ചതിനാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സംഘത്തെ തടഞ്ഞില്ല.

രാവിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലായിരുന്നു കെ.എസ്.യുക്കാരുടെ സദാചാര ചൂരല്‍ വില്‍പ്പന സമരം. പ്രകടനമായി കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ ചൂലും ചൂരലും പൊലീസിന് സമര്‍പ്പിച്ചു. പൊലീസ് നിഷ്‌ക്രിയമാണെന്നും സദാചാര പൊലീസ് കളിക്കുന്നവരെ സംരക്ഷിക്കുന്ന പൊലീസ് ഇത്തരം കേസുകളില്‍ നടപടി എടുക്കാന്‍ പോലും തയാറാവുന്നില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറൈന്‍െ്രെഡവിലെ മഴവില്‍ പാലത്തിന് സമീപമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ബെന്നി ബെഹന്നാന്റെ നേതൃത്വത്തിലുള്ള സംഘം പാട്ടുകള്‍ പാടി പ്രതിഷേധത്തില്‍ പങ്കാളികളായി. ഊരാളി ബാന്‍ഡിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗീത പരിപാടിയും മറൈന്‍ഡ്രൈവില്‍ നടന്നു സൗഹാര്‍ദം സദാചാരവിരുദ്ധമോ എന്ന ചോദ്യമുയര്‍ത്തിയായിരുന്നു ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തില്‍ സ്‌നേഹ ഇരിപ്പ് സമരം. മേനക ജങ്ഷനു സമീപത്തുനിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ മറൈന്‍ഡ്രൈവില്‍ സ്‌റ്റേഡിയത്തിനു സമീപം ഇരുപ്പുറപ്പിച്ചു. സൗഹാര്‍ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനുവേണ്ട, ഇത് ഞങ്ങടെ റോഡ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രകടനം. നാടോടി ഗാനങ്ങളും ഉണര്‍ത്ത് പാട്ടുകളും അരങ്ങേറി. സിപിഎം ജില്ലാസെക്രട്ടറി പി. രാജീവ് സമരം ഉദ്ഘാടനം ചെയ്തു. വൈകിട്ട് നാലു മണിയോടെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മാര്‍ക്കറ്റ് റോഡിലുള്ള ശിവസേന ഓഫീസിലേക്ക് പ്രകടനം നടത്തി. സ്ത്രീകള്‍ അടക്കമുള്ളവര്‍ അണിനിരന്ന മാര്‍ച്ച് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തി.