കൊച്ചിയില്‍ വീണ്ടും കവര്‍ച്ച. തൃപ്പൂണിത്തുറ ഹില്‍പാലസിന് സമീപത്തുള്ള വീടിനുള്ളിലാണ് കവര്‍ച്ച നടന്നത്. 50 പവന്‍ സ്വര്‍ണ്ണത്തിനോടൊപ്പം 50,000 രൂപയും മോഷണം പോയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.
വീടിനുള്ളിലെത്തിയ അക്രമി സംഘം വീട്ടുകാരെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. പത്തംഗസംഘമാണ് മോഷണത്തിന് പിന്നിലെന്ന് വീട്ടുകാര്‍ പറയുന്നു.

കുടുംബനാഥനുള്‍പ്പെടെ വീടിനുള്ളിലെ എല്ലാവര്‍ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബനാഥന് തലക്കാണ് പരിക്കേറ്റിരിക്കുന്നത്. തൃപ്പൂണിത്തുറയിലെ വിവിധ സ്വകാര്യ ആസ്പത്രികളിലായി കുടുംബം ചികിത്സയിലാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. മോഷ്ടാക്കളില്‍ ചിലര്‍ ഹിന്ദി സംസാരിക്കുന്നുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഉന്നതപോലീസ് ഉദ്യോഗസ്ഥരടക്കം വീട്ടിലെത്തി പരിശോധന തുടരുകയാണ്. കൊച്ചിയില്‍ അടുത്ത ദിവസങ്ങളിലായി ഇത് രണ്ടാമത്തെ കവര്‍ച്ചയാണ്. കാസര്‍കോഡ് ചീമേനിയില്‍ റിട്ട അധ്യാപികയെ കഴുത്തറുത്ത് കവര്‍ച്ച നടത്തിയത് കഴിഞ്ഞ ദിവസമാണ്.