കൊല്‍ക്കത്ത: മാനനഷ്ടക്കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ കോടതി. തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ചീഫും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി നല്‍കിയ കേസിലാണ് ഉത്തരവ്.

ആഗസ്ത് 11ന് കൊല്‍ക്കത്തയില്‍ ഒരു റാലിയില്‍ അമിത്ഷാ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അഭിഷേക് ബാനര്‍ജി പരാതി നല്‍കിയത്. കേസില്‍ സെപ്തംബര്‍ 28 ന് കോടതിയില്‍ അമിത്ഷാ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കൊല്‍ക്കത്തയില്‍ ഒരു പൊതുറാലിയില്‍ സംസാരിക്കവെ അമിത്ഷാ നടത്തിയ പരാമര്‍ശങ്ങളാണ് കേസിന് ആധാരം.

കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച തുക അഭിഷേക് ബാനര്‍ജി അടക്കമുളളവര്‍ വകമാറ്റി ചെലവഴിച്ചുവെന്നായിരുന്നു അമിത്ഷായുടെ പരാമര്‍ശം. അമിത്ഷായുടെത് വ്യാജവും തെറ്റായതുമായ പ്രചാരണമാണെന്നും മാധ്യമങ്ങളില്‍ ഇത്തരം പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു.