കൊല്ലം: കൊല്ലത്ത് മൃതദേഹം മാറി സംസ്‌കരിച്ചു. എഴുകോണ്‍ മാറനാട് സ്വദേശിനി തങ്കമ്മ പണിക്കരുടെ മൃതദേഹമാണ് ചെല്ലപ്പന്റെ മൃതദേഹമെന്ന് കരുതി സംസ്‌കരിച്ചത്. മൃതദേഹം ദഹിപ്പിച്ചതിനു ശേഷമാണ് സംഭവം പുറംലോകമറിയുന്നത്.

കൊട്ടാരക്കര താലൂക്ക് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കാരുവേലില്‍ മണിമംഗലത്ത് വീട്ടില്‍ തങ്കമ്മ പണിക്കരുടെ മൃതദേഹം സംസ്‌കാരത്തിന് പള്ളിയില്‍ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം കാണാതായ സംഭവം കുടുബാംഗങ്ങള്‍ അറിയുന്നത്.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മോര്‍ച്ചറിയില്‍ ചെല്ലപ്പന്റെ മൃതദേഹമാണെന്ന് കരുതി ദഹിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേര്‍ക്കും 90 വയസ്സായതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് ആസ്പത്രി അധികൃതരുടെ വിശദീകരണം.