കൊല്ലം: കൊല്ലത്ത് മകനെ കത്തിച്ച് കൊന്ന സംഭവത്തില്‍ അമ്മ ജയജോബ് അറസ്റ്റില്‍. സ്വത്തുതര്‍ക്കമാണ് മകനെ കൊല്ലാന്‍ കാരണമെന്ന് ജയജോബ് പറഞ്ഞു. ഭര്‍ത്താവിന്റെ കുടുംബവീട്ടില്‍ പോകുന്നതിന് ജിത്തുവിന് വിലക്കുണ്ടായിരുന്നു. വിലക്കിയിട്ടും ജിത്തുപോവുകയും ചെയ്തു.സ്വത്ത് നല്‍കില്ലെന്ന് അമ്മൂമ്മ പറഞ്ഞതായി തിരിച്ചുവന്നപ്പോള്‍ ജിത്തു പറഞ്ഞു. ഇതില്‍ പ്രകോപിതയായതുകൊണ്ടാണ് താന്‍ ജിത്തുവിനെ കൊന്നതെന്ന് ജയജോബ് പറഞ്ഞുവെന്ന് പൊലീസ് പറയുന്നു. സ്ലാബില്‍ നിന്ന് മറിഞ്ഞുവീണ ജിത്തു ഷാള്‍ കഴുത്തില്‍ മുറുകി മരിക്കുകയായിരുന്നു. എല്ലാം ചെയ്തത് ജയജോബ് ഒറ്റക്കാണെന്നും പൊലീസ് പറയുന്നു.

നേരത്തെ, ജയജോബ് പൊലീസ് കസ്റ്റഡിയിലായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് കൊലയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയായിരുന്നു. തിരുവനന്തപുരത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനുശേഷം ജിത്തുവിന്റെ മൃതദേഹം കൊല്ലത്ത് വീട്ടിലെത്തിച്ചു.