കൊണ്ടോട്ടി ബലാല്‍സംഗശ്രമക്കേസ് പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാവില്ലെന്ന് മലപ്പുറം എസ്പി എസ്.സുജിത്ത് ദാസ് പറഞ്ഞു. മെഡിക്കല്‍ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിക്കുമെന്നും എസ്പി വ്യക്തമാക്കി. കൊണ്ടോട്ടി ബലാല്‍സംഗശ്രമക്കേസ് പ്രതി ജൂഡോ ചാംപ്യനെന്ന് ജില്ലാ പൊലീസ് മേധാവി. യുവതിയുടെ കഴുത്തിനും തലയ്ക്കും നല്ല പരുക്കുണ്ട്. ചെറുത്തുനിന്നതിനാല്‍ ജീവാപായമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം നിരത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

പെണ്‍കുട്ടി വീട്ടില്‍ നിന്ന് കൊട്ടുക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകല്‍ ഒരു മണിയോടെയാണ് സംഭവം. കോളജ് വിദ്യാര്‍ഥിനിയായ യുവതിയെ പ്രതി വയലിലേക്ക് വലിച്ചുകൊണ്ടുപോയി കല്ലുകൊണ്ട് തലക്കടിച്ചു കീഴ്പ്പെടുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടി കൊട്ടുക്കര അങ്ങാടിയിലേക്ക് വരുന്നതിനിടെ വഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തു നില്‍കക്കുകയായിരുന്നു പ്രതി. തുടര്‍ന്ന് പെണ്‍കുട്ടിയെ കീഴ്പ്പെടുത്തി സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ അക്രമി കല്ലുകൊണ്ട് തലക്കിടിച്ചു വീഴ്ത്തി. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിച്ചെന്ന് അഭയം തേടുകയായിരുന്നു.