കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പര ചുരുളഴിഞ്ഞതിന്റെ രഹസ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി സൈമണ്‍. റോയി മരിച്ച് 16-ാം ദിനത്തിന്റെ ചടങ്ങിനായി അടിച്ച കാര്‍ഡില്‍ ജോളി എന്‍ഐടി ലക്ചറര്‍ എന്നാണ് കുറിച്ചിരുന്നത്. എന്നാല്‍ ജോളി ലക്ചററല്ലെന്നത് ഭര്‍ത്താവിനും കുടുംബത്തിനു പോലും അറിയില്ലെന്നതു അന്വേഷണ സംഘത്തെ അത്ഭുതപ്പെടുത്തി. ജോളിയുടെ ജീവിതത്തിലെ ഈ ദുരൂഹതയാണ് അന്വേഷണ സംഘത്തെ സംശയമുനകള്‍ ജോളിയിലേക്ക് ആദ്യമായി കൊണ്ടെത്തിച്ചത്.

‘ജോളിയുടെ സ്വഭാവത്തിലുള്ള കുറെയധികം കാര്യങ്ങളും അന്വേഷണ സംഘം കുറിച്ചിരുന്നെന്നും കെ.ജി സൈമണ്‍ പറഞ്ഞു. മാത്രമല്ല തങ്ങളുടെ അന്വേഷണത്തെ ജോളി പിന്തുടര്‍ന്നതും ശ്രദ്ധയില്‍പ്പെട്ടു . ഇതെല്ലാം അവരെ സംശയിക്കാനുള്ള സാധ്യത കൂട്ടി. തുടര്‍ന്നാണ് മൊഴിയെടുക്കാനായി അവരെ വിളിക്കുന്നത്.വില്‍പത്രം സംബന്ധിച്ച് എല്ലാ കാര്യങ്ങളും നോക്കിയിരുന്നു. ഞങ്ങളുടെ അന്വേഷണം അവര്‍ പിന്തുടരുന്നത് ഞങ്ങള്‍ അറിഞ്ഞു. ഇത് സംശങ്ങള്‍ ബലപ്പെടുത്തി. ജോളി പലരോടും മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. 50 കാര്യങ്ങള്‍ നോട്ട് ചെയ്താണ് ഞങ്ങള്‍ ജോളിയെ വിളിച്ചത്. ചോദ്യം ചെയ്തപ്പോല്‍ സംശയങ്ങള്‍ ബലപെട്ടു.
ഇവരോട് ചോദിക്കുമ്പോള്‍ ആലോചിച്ചാണ് ജോളി ഉത്തരം തരുന്നത്. ബ്രില്ല്യന്റ് ആയ കുറ്റവാളിയാണ് ജോളി. എല്ലാവരെയും കൊന്നത് ഇവരാണെന്ന് തെളിഞ്ഞാലും അത്ഭുതപ്പെടാനില്ല’,അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍ കൂട്ടിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട് 200ഓളം പേരുടെ മൊഴിയെടുത്തിരുന്നു. ജോളിയുടെ തന്നെ 50ഓളം മൊഴികളെടുത്തു. പോളിഗ്രാഫ് ടെസ്റ്റിനും നാര്‍കോ ടെസ്റ്റിനും അവര്‍ തയ്യാറാവാതിരുന്നതാണ് അന്വേഷണം ഇവരിലേക്ക് കേന്ദ്രീകരിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്.

സ്വത്ത് തര്‍ക്കം കുടുംബത്തിലുണ്ടായിരുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയിയുടെ അനുജന്‍ റോജോയുമായും സ്വത്തുതര്‍ക്കം ഉണ്ടായിരുന്നു. സ്വത്ത് തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ച നടന്നിരുന്നു. സ്വത്ത് തര്‍ക്കം രമ്യതയിലെത്തിക്കാന്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ടുള്ള പരാതി പിന്‍വലിക്കണം എന്നാണ് ജോളി ആവശ്യപ്പെട്ടത്. ഇതും സംശയത്തിനിടയാക്കി. അങ്ങനെയാണ് അറസ്റ്റിലേക്ക് കാര്യങ്ങലെത്തിക്കുന്നത്. ജോളിക്കൊപ്പം അറസ്റ്റിലായ എം.എസ് മാത്യു എന്ന ബന്ധുവുമായി മറ്റെന്തെല്ലാം ഇടപാടുകളുണ്ടെന്നും അന്വേഷിക്കുന്നുണ്ട്.