X
    Categories: MoreViews

മന്ത്രിസ്ഥാനം കൈവിടാതിരിക്കാന്‍ അവസാന ശ്രമവുമായി എന്‍.സി.പി; കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ നീക്കം

തിരുവനന്തപുരം: പാര്‍ട്ടിയിലെ രണ്ട് എം.എല്‍.എമാരും നിയമക്കുരുക്കില്‍ നിന്ന് ഉടനൊന്നും മോചിതരാകില്ലെന്ന് വ്യക്തമായതോടെ, പുറത്ത് നിന്നുള്ള ഏതെങ്കിലും എം.എല്‍.എയെ പാര്‍ട്ടിയിലെത്തിച്ച് മന്ത്രിസഭാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ എന്‍.സി.പി നേതൃത്വം നീക്കം തുടങ്ങി. വൈകിയാല്‍ മന്ത്രിസ്ഥാനം എന്നെന്നേക്കുമായി കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞാണ് എന്‍.സി.പി നേതൃത്വം ഇതിനായുള്ള നീക്കം സജീവമാക്കിയത്. മന്ത്രിസഭാ പ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന കാര്യത്തില്‍ എന്‍.സി.പിക്കുള്ളില്‍ ഏകസ്വരമാണ്. എന്നാല്‍ ആരെ മന്ത്രിയാക്കുമെന്ന കാര്യത്തില്‍ ഭിന്നത രൂക്ഷമാണ്. പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്്കുമാറിനുവേണ്ടി ഒരുവിഭാഗം നേതാക്കളും കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനുവേണ്ടി മറുവിഭാഗവുമാണ് രംഗത്തുള്ളത്. എന്നാല്‍ കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടിയിലെത്തിച്ച് മന്ത്രിയാക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം.

ഫോണ്‍കെണി വിവാദത്തില്‍ കുടങ്ങിയ എ.കെ ശശീന്ദ്രനും കായല്‍കയ്യേറ്റത്തില്‍ തോമസ് ചാണ്ടിക്കും മേലുള്ള നിയമക്കുരുക്കുകള്‍ ഉടനൊന്നും അഴിയില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് എന്‍.സി.പി നേതൃത്വം ബദല്‍ നീക്കങ്ങളിലേക്ക് കടന്നത്. കേരള കോണ്‍ഗ്രസ് ബിയെ പാര്‍ട്ടിയില്‍ ലയിപ്പിച്ച് ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നാണ് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററുടെ നിലപാട്. എന്നാല്‍ കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കണമെന്നാണ് തോമസ് ചാണ്ടിവിഭാഗത്തിന്റെ ആവശ്യം. എ.കെ ശശീന്ദ്രന്‍ നിലപാട് പരസ്യമാക്കിയിട്ടുമില്ല. ശശീന്ദ്രനെ ഒപ്പം നിര്‍ത്താനുള്ള നീക്കവും തോമസ് ചാണ്ടി വിഭാഗം തുടങ്ങിയിട്ടുണ്ട്. ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറുമെത്തിയാല്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഇരുവരുടെയും കൈയിലാകുമെന്ന ആശങ്കയാണ് എന്‍.സി.പി യിലെ ഭൂരിപക്ഷം നേതാക്കള്‍ക്കുമുള്ളത്. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനമടക്കം ബാലകൃഷ്ണപിള്ള ചോദിച്ചുവാങ്ങും. മകന്‍ മന്ത്രിയുമാകും. ഇതോടെ കുടുംബ പാര്‍ട്ടിയായി എന്‍.സി.പി മാറും. ഇതോടെ യഥാര്‍ത്ഥ എന്‍.സി.പിക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് കോവൂരിന് സാധ്യത കല്‍പിക്കപ്പെടുന്നത്. പാര്‍ട്ടിക്ക് അതീതനായി നില്‍ക്കാന്‍ ശ്രമിക്കുന്ന പ്രകൃതമല്ല കോവൂരിനെന്നതും അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. അതേസമയം, ഗണേഷ്‌കുമാര്‍ മന്ത്രിയാകുന്നതിനോടാണ് മുഖ്യമന്ത്രിക്ക് താല്‍പര്യം. ഗതാഗത വകുപ്പ് ഗണേഷിനെ ഏല്‍പ്പിച്ച് മുഖം രക്ഷിക്കാമെന്ന ആഗ്രഹമാണ് മുഖ്യമന്ത്രിക്കുള്ളത്. ഗണേഷിനെ മന്ത്രിയാക്കാനുള്ള നീക്കം ആഴ്ചകള്‍ക്ക് മുന്‍പേ എന്‍.സി.പിയില്‍ സജീവമായിരുന്നു. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്റെ ഏകപക്ഷീയമായ നീക്കത്തിനെതിരെ മറുവിഭാഗങ്ങള്‍ രംഗത്തെത്തിയതോടെ ആ നീക്കം പൊളിഞ്ഞു. ആദ്യഘട്ടത്തില്‍ ബാലകൃഷ്ണപിള്ളയും ഈ നീക്കത്തിന് എതിരായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ പിള്ള പച്ചക്കൊടി കാട്ടി.

ലയനത്തിനായി കുറച്ച് ആവശ്യങ്ങളും പിള്ള മുന്നോട്ടുവെച്ചു. മകന് മന്ത്രിസ്ഥാനം ലഭിക്കുമ്പോള്‍ തന്റെ ക്യാബിനറ്റ് പദവി നഷ്ടപ്പെടുമോ എന്ന ആശങ്കയും മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായ ബാലകൃഷ്ണപിള്ളക്കുണ്ട്. ഇതിനിടെയാണ് പാര്‍ട്ടി പൂര്‍ണമായി പിള്ളയുടെ കൈയിലേക്ക് പോകുമെന്ന ആശങ്ക എന്‍.സി.പിയില്‍ സജീവമായത്. ഇതോടെ കോവൂരിന് പിന്തുണയേറി.

chandrika: