കോഴിക്കോട്: കക്കയത്തിനടുത്ത് കട്ടിപ്പാറ കരിഞ്ചോലമലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിനാലായി.
ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ അവസാനത്തെയാളുടെ മൃതദേഹവും കിട്ടിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസ(55)യുടെ മൃതദേഹമാണ് തിങ്കളാഴ്ച നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയതോടെ നാളുകളായി തുടരുന്ന തിരച്ചിലിന് അവസാനമായി.

മണ്ണിനടിയില്‍പെട്ടു മരിച്ച കരിഞ്ചോല അബ്ദുറഹിമാന്‍(60), മകന്‍ ജാഫര്‍(35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിന്‍(അഞ്ച്),കരിഞ്ചോല ഹസന്‍(65), മകള്‍ ജന്നത്ത്(17), കരിഞ്ചോല ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിന്‍(അഞ്ച്), അബ്ദുല്‍സലീമിന്റെ മക്കളായ ദില്‍നാ ഷെറിന്‍(9), മുഹമ്മദ് ഷഹബാസ്(മൂന്ന്), ഹസന്റെ ഭാര്യ ആസ്യ(54), നിയാ ഫാത്തിമ, ഹസന്റെ മകള്‍ നുസ്രത്ത്, നുസത്തിന്റെ മക്കളായ റിഫ മറിയം, റിന്‍ഷാ ഷെറിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ടു യൂണിറ്റുകള്‍, പൊലീസ്, അഗ്‌നിരക്ഷാസേന എന്നിവര്‍ക്കൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തുണ്ടായിരുന്നു.

വെള്ളിയാഴ്ച രാവിലെ നടത്തിയ തെരച്ചിലില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ശേഷം മൂന്നുപേരുടെ മൃതദേഹം കൂടി തെരച്ചിലില്‍ കണ്ടെത്തി. മരിച്ച ഹസന്റെ മകളും സുധീറിന്റെ ഭാര്യയുമായ നുസ്രത്ത്(26), മകള്‍ റിന്‍ഷ മെഹറിന്‍(നാല്), റാഫി-ഷംന ദമ്പതികളുടെ മകള്‍ നിയ ഫാത്തിമ(മൂന്ന്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ മറ്റ് മൂന്ന് പേര്‍ക്കായി ദുരിതനിവാരണസേനയും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പിന്നീട് തെരച്ചില്‍ തുടരുകയായിരുന്നു.

ദുരിതനിവാരണസേനയും പൊലീസും ഫയര്‍ഫോഴ്സും ആറു ടീമായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്.
മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, ജോര്‍ജ് എം. തോമസ് എം.എല്‍.എ തുടങ്ങിയവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ എം.കെ രാഘവന്‍, എം.ഐ. ഷാനവാസ്, എന്നിവര്‍ വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എന്നിവര്‍ ഇന്നലെ കരഞ്ചേലമലയില്‍ സന്ദര്‍ശനം നടത്തി. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം എന്നിവര്‍ കൂടെയുണ്ടായിരുന്നു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വെട്ടി ഒഴിഞ്ഞ തോട്ടം ജി.എല്‍.പി സ്‌കൂളില്‍ 54 കുടുംബങ്ങളാണ് കഴിയുന്നത്.