ന്യൂഡല്‍ഹി: മലയാള സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ശാസ്ത്രത്തിനൊപ്പം മതവും ആത്മീയതയും കൂട്ടിക്കലര്‍ത്തി 2015ല്‍ പുറത്തിറങ്ങിയ പുസ്തകം അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. സൂഫി പറഞ്ഞ കഥ, ചരമ വാര്‍ഷികം, ജീവിതത്തിന്റെ പുസ്തകം എന്നീ കൃതികളില്‍ രാമനുണ്ണി സ്വീകരിച്ച മതസൗഹാര്‍ദ്ദത്തിന്റെ പ്രകടമായ രൂപം തന്നെയാണ് ദൈവത്തിന്റെ പുസ്തകത്തിലും പ്രതിഫലിക്കുന്നത്. ഏഴ് നോവലുകള്‍, അഞ്ച് കവിതകള്‍, അഞ്ച് ചെറുകഥകള്‍, അഞ്ച് സാഹിത്യ നിരൂപണങ്ങള്‍, ഒരു നാടകം, ഒരു പ്രബന്ധം എന്നിവ ഉള്‍പ്പെടെ 24 ഭാഷകളിലെ പുസ്തകങ്ങള്‍ക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചത്. ഫെബ്രുവരി 12ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.