X

മുഖ്യമന്ത്രി പിണറായി വിജയൻ , നിങ്ങളിത്ര ഭീരുവോ ?കെ.സുധാകരന്‍

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ .അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
നൂറുകണക്കിന് പോലീസുകാരുടെ കാവൽ ഇല്ലാതെ ജനങ്ങൾക്കിടയിൽ ഇറങ്ങാൻ ഭയം, റോഡിലിറങ്ങാൻ ഭയം,ജനകീയ പ്രതിഷേധങ്ങളെ ഭയം,പ്രതിഷേധക്കാരെ ഭയം. നിങ്ങൾ ഇങ്ങനെ പേടിച്ചാൽ കേരളത്തിൻറെ ഭരണം എങ്ങനെ മുന്നോട്ടു പോകും ? കേരളം കണ്ട ഏറ്റവും വലിയ കൊള്ളക്കാരനാണ് പിണറായി വിജയൻ എന്ന് ഞങ്ങൾ നിസ്സംശയം പറയും.ആ കൊള്ളക്കാരനെതിരെ വിരൽ ചൂണ്ടി സംസാരിക്കുന്ന യുഡിഎഫിന്റെ യുവ നേതാക്കളെ അടിച്ചമർത്താൻ ഇത് ചൈനയും കൊറിയയും ഒന്നുമല്ല.കെഎം ഷാജിക്കെതിരെ , കെ എസ് ശബരിനാഥനെതിരെ , ഷാഫി പറമ്പിലിന്  എതിരെ ഇപ്പോളിതാ പി കെ ഫിറോസിനെതിരെ ,
 പിണറായി വിജയൻ എന്ന നികൃഷ്ട മനസ്സുള്ള രാഷ്ട്രീയക്കാരന്റെ നാണംകെട്ട ഭരണത്തിനെതിരെ  ശബ്ദമുയർത്തിയവരെയെല്ലാം ഇരുമ്പഴികൾക്കുള്ളിൽ ആക്കാൻ തുടർച്ചയായി ശ്രമിക്കുകയാണ് നെറികെട്ട സിപിഎം ഭരണകൂടം .
അടിമുടി അഴിമതി നിറഞ്ഞ സിപിഎം ഭരണത്തിനെതിരെ മിണ്ടാതിരിക്കാൻ യുഡിഎഫിന്റെ യുവജന നേതാക്കൾ ഡിവൈഎഫ്ഐ നേതാക്കളെ പോലെ പിണറായി വിജയൻറെ അടിമകൾ അല്ല . അവർ ഈ നാടിന്റെ ശബ്ദമായി പ്രതിഷേധം ഉയർത്തുമ്പോൾ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്ന് കരുതുന്ന വിഡ്ഢിയാകരുത് കേരള മുഖ്യമന്ത്രി . സിപിഎം എന്ന പാർട്ടി അധികാരത്തിൽ ഇരുന്നപ്പോഴൊക്കെ തന്നെ കേരളത്തിൽ മുസ്ലിം വേട്ട നടന്നിട്ടുണ്ട്.അടിമുടി മുസ്ലിം വിരുദ്ധ പ്രസ്ഥാനമായ സിപിഎം മുസ്ലിം യൂത്ത് ലീഗിൻറെ ജനകീയ പ്രക്ഷോഭങ്ങളെ പോലും ഏകാധിപത്യ ശൈലിയിൽ അടിച്ചമർത്തുന്നത് പൊതു സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ്.
പൊതുമുതൽ നശിപ്പിച്ച തീവ്ര സ്വഭാവമുള്ള പോപ്പുലർ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടെത്താൻ പറഞ്ഞപ്പോൾ ഭയന്നു പിന്മാറിയ പിണറായി വിജയൻ ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ മുസ്ലിം കുടുംബങ്ങളെ വേട്ടയാടുന്നതും  ജനകീയ വിഷയങ്ങളിൽ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ റിമാൻഡ് ചെയ്യുന്നതും ഒക്കെ ആരെ തളർത്താനും ആരെ വളർത്താനും ആണെന്ന് പ്രബുദ്ധ കേരളം ഇനിയെങ്കിലും തിരിച്ചറിയണം. മുഖ്യമന്ത്രിക്ക് ഭയമുണ്ടെന്നതിന്റെ പേരിൽ അദ്ദേഹം നടത്തുന്ന കൊള്ളകൾക്കെതിരെ , അദ്ദേഹത്തിൻറെ കെടുകാര്യസ്ഥതകൾക്കെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതികരിക്കരുത് എന്ന് പറയാൻ ആർക്കാണ് അവകാശം? ജാമ്യമില്ലാ വകുപ്പുകളും ജയിലറകളും  കാണിച്ച് ഭയപ്പെടുത്താമെന്ന് പിണറായി വിജയൻ സ്വപ്നം കാണണ്ട.
പിണറായി വിജയൻറെ ഇഷ്ടത്തിനൊത്ത് നടക്കാൻ , താളത്തിനൊത്ത് തുള്ളാൻ പ്രതിപക്ഷത്തിരിക്കുന്നത് സ്വപ്ന സുരേഷും ശിവശങ്കരനും അല്ലെന്നോർത്താൽ അദ്ദേഹത്തിന് നല്ലത്. ജനങ്ങളുടെ ശബ്ദമായി പ്രതിപക്ഷം കേരളത്തിന്റെ തെരുവോരങ്ങളിൽ ഇനിയുമുണ്ടാകും, സമര പരമ്പരകൾ തീർത്തുകൊണ്ട്. പിണറായി വിജയന് പ്രതിഷേധങ്ങളോടുള്ള പേടി മാറ്റാൻ സമരക്കാരെ റിമാന്റ് ചെയ്യിക്കാൻ കേരള പോലീസ് ഇറങ്ങിയാൽ ജയിലറകൾ പോരാതെ വരുമെന്ന് ഓർമപ്പെടുത്തുന്നു.
പിണറായി വിജയൻറെ അഴിമതി ഭരണത്തിനെതിരെ തെരുവിൽ സമരകാഹളം മുഴക്കിയ  മുസ്ലീം യൂത്ത് ലീഗിൻറെ മുഴുവൻ പോരാളികൾക്കും അഭിവാദ്യങ്ങൾ. കെ.സുധാകരന്‍ പറഞ്ഞു.

Chandrika Web: