ന്യൂഡല്‍ഹി: കെ.പി.സി.സി പട്ടികയില്‍ സമവായമുണ്ടാകാത്തതിന് കേരളത്തിന് ഹൈക്കമാന്റ് താക്കീത്. എ.ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചക്ക് തയാറായില്ലെങ്കില്‍ പട്ടിക അംഗീകരിക്കില്ലെന്നാണ് ഹൈക്കമാന്റ് പറയുന്നത്. നിലപാട് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനെ അറിയിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ.പി.സി.സി പട്ടികയോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും വിയോജിപ്പ് രേഖപ്പെടുത്തി. പട്ടികയില്‍ സംവരണം പാലിക്കണമെന്നും എം.പിമാരുടെ നിര്‍ദേശം അംഗീകരിക്കണമെന്നും രാഹുല്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേരളത്തിന്റെ ചുമതല വഹിക്കുന്ന മുകുള്‍ വാസ്‌നികുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും രാഹുല്‍ നിര്‍ദേശിച്ചു. കെ.പി.സി.സി പട്ടികക്കെതിരെ എ.ഐ.സി.സി അംഗം ഷാനിമോള്‍ ഉസ്മാനും പ്രതികരിച്ചു. വനിതാ അംഗങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്ന് ഷാനിമോള്‍ കുറ്റപ്പെടുത്തി.