X

വൈദ്യുതിക്ക് 16 പൈസ കൂടി സര്‍ചാര്‍ജ് വേണമെന്ന് കെ.എസ്.ഇ.ബി

വൈദ്യുതിക്ക് മൂന്നുമാസം 16 പൈസകൂടി സര്‍ച്ചാര്‍ജ് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കി. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ചുവരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനവിലയിലെ വര്‍ധന കാരണം വൈദ്യുതി വാങ്ങാന്‍ 94 കോടി അധികം വേണ്ടിവന്നുവെന്നാണ് ബോര്‍ഡ് അറിയിച്ചത്. ഇത് ഈടാക്കാന്‍ യൂണിറ്റിന് 16 പൈസ അധികം ചുമത്തേണ്ടിവരും.
022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെ അധികം ചെലവായ തുക ഈടാക്കാന്‍ യൂണിറ്റിന് 30 പൈസ അധികം ചുമത്തണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് നല്‍കിയ അപേക്ഷ കമ്മിഷന്റെ പരിഗണനയിലാണ്. ഇതില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. ജൂണ്‍ ഒന്നുമുതല്‍ തീരുമാനം അനുസരിച്ചുള്ള തുക ഈടാക്കും. തുക എത്ര അനുവദിക്കണമെന്ന് തീരുമാനിക്കുന്നത് കമ്മിഷനാണ്.
ഇപ്പോള്‍ യൂണിറ്റിന് ഒമ്പത് പൈസ സര്‍ച്ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇത് ഈ മാസം അവസാനിക്കും. പുതിയ അപേക്ഷയില്‍ കമ്മിഷന്‍ തെളിവെടുപ്പ് നടത്തും. ഇപ്പോള്‍ മൂന്നുമാസത്തിലൊരിക്കലാണ് സര്‍ച്ചാര്‍ജ് ഈടാക്കുന്നത്. ഇത് മാസംതോറുമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് കേരളവും ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കരട് ചട്ടങ്ങളില്‍ ഉപഭോക്താക്കളുടെ അഭിപ്രായം കേള്‍ക്കാനുള്ള തെളിവെടുപ്പ് 24നാണ്.

webdesk13: