X

ബി.ജെ.പിയെ തോൽപ്പിക്കാനുറച്ച് ക്ഷത്രിയർ; പ്രതിഷേധം വകവെക്കാതെ രൂപാല

ബി.ജെ.പിക്കെതിരെ ക്ഷത്രിയ രജപുത്ര സമുദായത്തിന്റെ പ്രതിഷേധം ശക്തമാകുന്നതിനിടെ നാമനിർദേശ പത്രിക സമർപ്പിച്ച് കേന്ദ്രമന്ത്രി പർഷോത്തം രൂപാല. രൂപാലയെ വീണ്ടും സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ സംഘം പ്രതിഷേധം ശക്തമാക്കിയത്. ലോക്സഭാ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയാണ് ബി.ജെ.പിക്കെതിരായ സവർണ സമുദായത്തിന്റെ വിയോജിപ്പ് ശക്തമാകുന്നത്.

ജനങ്ങൾ വിശാല ഹൃദയം കാണിക്കണമെന്നും ബി.ജെ.പിയെ പിന്തുണക്കണമെന്നുമായിരുന്നു നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ രൂപാലയുടെ പ്രതികരണം. രണ്ട് തവണ വിഷയത്തിൽ ക്ഷമാപണം നടത്തിയെങ്കിലും വിഷയത്തിൽ ക്ഷത്രിയ സമുദായത്തിന്റെ പ്രതിഷേധം തുടരുകയാണ്.

രൂപാല മത്സരിക്കുന്ന ഗുജറാത്തിനു പുറമെ രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെല്ലാം ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇവർ. രാജക്കന്മാരും രാജകുടുംബങ്ങളും ബ്രിട്ടീഷുകാർക്കുമുന്നിൽ തലകുമ്പിട്ടപ്പോഴൊന്നും അതിനു നിന്നുകൊടുക്കാത്തവരാണ് ദിലത് സമുദായമായ രുഖി എന്ന രൂപാലയുടെ പരാമർശമാണ് ക്ഷത്രിയ-മേൽജാതി വിഭാ​ഗങ്ങളെ പ്രകോപിപ്പിച്ചത്. രൂപാലയുടെ പരാമർശം തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സ്ഥാനാർത്ഥിത്വം പിൻവലിക്കണണെന്നുമാണ് ക്ഷത്രിയരുടെ ആവശ്യം.

മുംബൈയിലും ക്ഷത്രിയ സമുദായം പ്രതിഷേധവുമായി രം​ഗത്തുണ്ട്. സ്ഥാനാർഥിത്വം പിൻവലിച്ചില്ലെങ്കിൽ മുംബൈയിലെ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. 50,000ത്തോളം ക്ഷത്രിയ സമുദായക്കാരാണ് മുംബൈയിൽ മാത്രമുള്ളത്.

നേരത്തെ രൂപാലയെ പിന്തുണച്ചവരാണ് തങ്ങൾ. എന്നാൽ, ഇപ്പോൾ സ്വന്തം കാലിലാണ് അദ്ദേഹം വെട്ടിയിരിക്കുന്നതെന്ന് മുംബൈയിലെ ക്ഷത്രിയ രജപുത്ര സംഘടനാ അധ്യക്ഷൻ ജിതു മാക്‌വാന പ്രതികരിച്ചു. ഗുജറാത്തിലെ 26 സീറ്റിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്ന് ക്ഷത്രിയ രജപുത്ര സമുദായം പ്രഖ്യാപിച്ചിട്ടുണ്ട്.

webdesk13: