X
    Categories: CultureNewsViews

കെ.എസ്.ആര്‍.ടി.സി നിയമനം പി.എസ്.സി വഴി നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി.യിലെ റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ പി.എസ്.സി നിയമനശുപാര്‍ശ ലഭിച്ചവരെ നിയമിക്കണമെന്ന് ഹൈക്കോടതി. ജോലിയില്‍ തിരിച്ചെടുക്കണമെന്ന എം പാനല്‍ ജീവനക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടങ്കില്‍ എം പാനല്‍ ജീവനക്കാര്‍ക്ക് വ്യാവസായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പിരിച്ചുവിട്ടതിനെതിരെ എംപാനല്‍ ജീവനക്കാരും പി.എസ്.സി. നിയമനശുപാര്‍ശ ലഭിച്ചിട്ടും നിയമനം ലഭിക്കാത്തതിനെതിരെ ഉ്‌ദ്യോഗാര്‍ത്ഥികളും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. കെ.എസ്.ആര്‍.ടി.സിയിലെ നിയമനം പി.എസ്.സി. വഴിയായിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

അടിയന്തരഘട്ടങ്ങളില്‍ നിയമിക്കുന്ന താല്‍ക്കാലിക ജീവനക്കാരുടെ സര്‍വീസ് 180 ദിവസത്തില്‍ കൂടരുതെന്നാണ് സര്‍വീസ് ചട്ടമെന്ന് കോടതി ഓര്‍മിപ്പിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യണം. നിയമനത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടേണ്ടതുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ എം പാനല്‍ ജീവനക്കാരെ ആരും നിര്‍ബന്ധിച്ചിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: