തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ സി.പി.എം പിന്തുണയില്‍ പുതിയ പാര്‍ട്ടി വരുന്നതായി റിപ്പോര്‍ട്ട്. ‘ഇന്ത്യന്‍ സെക്യുലര്‍ ലീഗ്’ എന്ന പേരിലാണ് പുതിയ പാര്‍ട്ടിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ചില ഇടത് അനുകൂല ഇസ്‌ലാമിക പാര്‍ട്ടികള്‍ ജലീലിന്റെ പാര്‍ട്ടിയില്‍ ലയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷനല്‍ ലീഗ്, പി.ടി.എ. റഹീമിന്റെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, അബ്ദുല്‍ നാസര്‍ മദനിയുടെ പി.ഡി.പി എന്നിവ പുതിയ പാര്‍ട്ടിയില്‍ ലയിക്കും. നേരത്തെ എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയവയെയും സഹകരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ നീക്കം പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു.

കൂടാതെ, തമിഴ്‌നാട്ടിലെ മുസ്‌ലിം പാര്‍ട്ടികളായ മനിതെയാ മക്കള്‍ കട്ച്ചി, തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, ഹൈദരാബാദിലെ മജ്‌ലിസ് ബചാവോ തെഹ്രീക്, മഹാരാഷ്ട്രയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി, ഉത്തര്‍പ്രദേശിലെ പാര്‍ട്ടികളായ പീസ് പാര്‍ട്ടി ഓഫ് ഇന്ത്യ, ക്വമി ഏകത ദള്‍, ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസ്, ഓള്‍ ഇന്ത്യ മുസ്‌ലിം ഫോറം, പര്‍ച്ചം പാര്‍ട്ടി ഓഫ് ഇന്ത്യ, നാഷനല്‍ ലോക്താന്ത്രിക് പാര്‍ട്ടി, മോമിന്‍ കോണ്‍ഫറന്‍സ്, ഇത്തിഹാദ്ഇമില്ലത് കൗണ്‍സില്‍, ബംഗാളിലെ പ്രോഗ്രസ്സീവ് മുസ്‌ലിം ലീഗ്, അസമിലെ യുണൈറ്റഡ് മൈനോറിറ്റീസ് ഫ്രണ്ട് എന്നീ കക്ഷികളും പുതിയ പാര്‍ട്ടിയില്‍ ലയിക്കും.

കെ.ടി ജലീലിനെ കൂടാതെ എം.എല്‍.എമാരായ പി.ടി.എ റഹീം, കാരാട്ട് റസാഖ്, പി.വി അന്‍വര്‍, വി.അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ പുതിയ പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, എം.ഇ.എസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂര്‍ എന്നിവരും പാര്‍ട്ടിയോട് സഹകരിക്കുമെന്ന് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിക്ക് കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഘടകങ്ങള്‍ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.