കുളത്തൂപ്പുഴ: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍സുഹൃത്ത് അറസ്റ്റില്‍. ഇവര്‍ പൊലീസ് കസ്റ്റഡിയിലായിരുന്നുവെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്ക രശ്മി ഭവനില്‍ രശ്മിയെയാണ് (25) കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴ ടൗണിലെ ഓട്ടോ ഡ്രൈവറാണ് ദിനേശ്.

ദിനേശിനെ കഴിഞ്ഞദിവസം ഉച്ചയോടെയാണ് രശ്മിയുടെ വീട്ടിലെ അടുക്കള വാതിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് സര്‍ജന്‍ നല്‍കിയ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവതിയുമായി ഏറെനാളായി സൗഹൃദത്തിലായിരുന്ന ദിനേശ് സംഭവദിവസം ഉച്ചയോടെ മറ്റൊരു ഓട്ടോയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുതറിമാറവേ യുവാവിനെ ശക്തിയായി തള്ളുകയും നിലതെറ്റിയ ഇയാള്‍ കട്ടിലിന്റെ പടിയില്‍ തലയടിച്ചു വീഴുകയുമായിരുന്നെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നത്. കിടപ്പുമുറിയില്‍ വീണുകിടന്ന യുവാവിനെ പെണ്‍കുട്ടി വലിച്ചിഴച്ച് പുറത്തെത്തിക്കാന്‍ നടത്തിയശ്രമം അടുക്കള വാതില്‍ക്കലെത്തിയപ്പോഴേക്കും സാധിക്കാതെ വരികയും തുടര്‍ന്ന് ഒരാള്‍ അടുക്കളയില്‍ വീണുകിടക്കുന്നതായി അയല്‍ക്കാരെ അറിയിക്കുകയുമായിരുന്നു.

ഫോറന്‍സിക് പരിശോധനഫലവും മറ്റ് ശാസ്ത്രിയ തെളിവുകളുടെ വിശകലനങ്ങളും എത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും തെളിവെടുപ്പിനുശേഷം ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കുളത്തൂപ്പുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ഗിരീഷ്‌കുമാര്‍ അറിയിച്ചു.