X

അമ്മയും ഭാര്യയും കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്തി

ഇസ്ലാമാബാദ്: ഇന്ത്യന്‍ നാവിക സേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ അമ്മയും ഭാര്യയും പാക് വിദേശകാര്യമന്ത്രാലയത്തിലെത്തി കണ്ടു. 30 മിനുട്ടാണ് നേരത്തെ സമയം അനുവദിച്ചതെങ്കിലും കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. കുല്‍ഭൂഷണ്‍ അമ്മ അവന്തികയോടും ഭാര്യ ചേതനയോടും സംസാരിച്ചു. ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്കുശേഷം ഭാര്യയും അമ്മയും ഇന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങും.

കുല്‍ഭൂഷണെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരവധി തവണ പാക്കിസ്ഥാന്‍ തള്ളിയിരുന്നു. നാലു ദിവസം മുമ്പാണ് കൂല്‍ഭൂഷണിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അദ്ദേഹത്തെ കാണാന്‍ പാക്കിസ്ഥാന്‍ വീസ അനുവദിച്ചത്. നേരത്തെ കുല്‍ഭൂഷണിന്റെ ഭാര്യയ്ക്ക് അദ്ദേഹത്തെ കാണാന്‍ അനുമതി നല്‍കിയെങ്കിലും അമ്മയുടെ അപേക്ഷ പരിഗണിച്ചിരുന്നില്ല. കുല്‍ഭൂഷണ് സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ അനുവദിക്കാനാവില്ലെന്നായിരുന്നു പാക് വാദം. എന്നാല്‍ ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടുകയും ഭീകരതയുടെ പേരില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം.

ചാരപ്രവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷന്‍ ജാധവ്. അമ്മയ്ക്കും ഭാര്യയ്ക്കും അദ്ദേഹത്തിനെ കാണുന്നതിനായി ഡിസംബര്‍ 20 നാണ് പാകിസ്ഥാന്‍ വിസ അനുവദിച്ചത്. ജാധവിന്റെ കുടുംബം പല തവണ വിസക്ക് അപേക്ഷിച്ചിരുന്നെങ്കിലും പാകിസ്ഥാന്‍ അത് നിഷേധിക്കുകയായിരുന്നു. ചാരപ്രവര്‍ത്തി കേസില്‍ ജയിലില്‍ അടച്ചവര്‍ക്ക് സന്ദര്‍ശകരെ അനുവദിക്കില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം.

ഇന്ത്യക്ക് വേണ്ടി ബലുചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി ജാധവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കോടതി വധശിക്ഷ തടഞ്ഞു. ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാകിസ്ഥാന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അന്താരാഷ്ട്രാ കോടതിയില്‍ തെളിഞ്ഞിരുന്നു.

chandrika: