കോഴിക്കോട്: ആര്‍.എസ്.എസ് നേതൃത്വം കടുത്ത നിലപാട് തുടരുന്നതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നീക്കം അനന്തമായി നീളുന്നു. കുമ്മനം രാജശേഖരനെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരില്‍ ആര്‍.എസ്.എസിനുള്ള രോഷം ആളിക്കത്തുന്നതാണ് പ്രതിസന്ധി തുടരാന്‍ കാരണം. കുമ്മനത്തെ മാറ്റിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ട് മതി പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിക്കുന്നത് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ആര്‍.എസ്.എസ് നേതൃത്വം. ആര്‍.എസ്.എസിനെ പിണക്കി എന്തെങ്കിലും ചെയ്യാന്‍ ബി.ജെ.പി ദേശീയ നേതൃത്വം ആഗ്രഹിക്കുന്നുമില്ല.

കെ. സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പ്രഥമ പരിഗണനയില്‍ ഉണ്ടായിരുന്നത്. വി. മുരളീധരന്‍ പക്ഷമാണ് സുരേന്ദ്രനുവേണ്ടി വാദിച്ചിരുന്നത്. പി.കെ കൃഷ്ണദാസ് പക്ഷം എം.ടി രമേശിനുവേണ്ടി കരുക്കള്‍ നീക്കിയിരുന്നു. രമേശന് പകരം ഇതേ ഗ്രൂപ്പിലെ എ.എന്‍ രാധാകൃഷ്ണന്റെ പേരും ചര്‍ച്ചയായിരുന്നു.

സുരേന്ദ്രന്റെ കാര്യത്തില്‍ ആര്‍.എസ്.എസിന് വലിയ താല്‍പര്യമില്ലെന്നാണ് സൂചന. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അംഗീകാരം തേടി സ്ഥാനമോഹികള്‍ ഓടുന്നുണ്ടെങ്കിലും നേതൃത്വം മനസ്സ് തുറക്കുന്നില്ല. സംസ്ഥാന ഘടകത്തെ അറിയിക്കാതെയാണ് കുമ്മനത്തെ മിസോറാം ഗവര്‍ണര്‍ പദവിയിലേക്ക് മാറ്റിയത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ നടപടി തികച്ചും അപ്രതീക്ഷിതമായിരുന്നു. ബി.ജെ.പി സംസ്ഥാന ഘടകത്തെയും ആര്‍.എസ്.എസിനെയും ഒരുപോലെ ഞെട്ടിച്ച തീരുമാനമായിരുന്നു അത്.
ബി.ജെ.പി സംസ്ഥാനഘടകത്തിലെ ചേരിപ്പോര് ദേശീയ നേതൃത്വത്തിന് തലവേദനയായതിനെ തുടര്‍ന്നാണ് ആര്‍.എസ്.എസുകാരനായ കുമ്മനത്തെ പ്രസിഡണ്ടാക്കി പ്രശ്‌നപരിഹാരത്തിന് തുനിഞ്ഞത്. ആര്‍.എസ്.എസിന്റെ ശക്തമായ സമ്മര്‍ദം ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ സംഘടനയെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്‍ കുമ്മനത്തിനായില്ലെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം.

കേരളത്തിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ റിപ്പോര്‍ട്ടാണ് കുമ്മനത്തിന് തിരിച്ചടിയായത്. സന്തോഷിനെ ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന്്് ആര്‍.എസ്.എസ് വാദിക്കുന്നുണ്ട്്്. തങ്ങളെ വിവരം അറിയിച്ചില്ല എന്നതാണ് ആര്‍.എസ്.എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. കുമ്മനത്തെപ്പോലെ കറകളഞ്ഞ ആര്‍എസ്എസുകാരനെ നീക്കിയത് നീതീകരിക്കാനാകില്ലെന്ന നിലപാടില്‍ ആര്‍.എസ്.എസ് ഉറച്ചുനില്‍ക്കുകയാണ്. ദേശീയതലത്തില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവരുന്നതില്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല. ഇവിടെ സമവായം ഉണ്ടാക്കാന്‍ സാധിച്ചിട്ടുമില്ല. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ് കെ. സുരേന്ദ്രനുവേണ്ടി വാദിച്ചിരുന്നുവെങ്കിലും പുതിയ സാഹചര്യത്തില്‍ ദേശീയ നേതൃത്വം അത് അംഗീകരിക്കാനിടയില്ല.

ബിജെപിക്ക് സംസ്ഥാനത്ത് നാഥനില്ലാതായിട്ട് ഒരുമാസമാകാറായി. പ്രസിഡണ്ടിന്റെ ചുമതല ആരെയും ഏല്‍പ്പിച്ചിട്ടുമില്ല. അതിനാല്‍ സംസ്ഥാന സമിതി യോഗം വിളിച്ചുചേര്‍ക്കാന്‍ കഴിയുന്നില്ല. നേതാക്കള്‍ പലതട്ടിലായതോടെ സംഘടനാ സംവിധാനത്തിന്റെ പ്രവര്‍ത്തനവും നിലച്ചമട്ടാണ്. ജുലൈ ആദ്യം കേരളത്തിലെത്തുന്ന അമിത്ഷാ ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തും. ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉള്‍പ്പെടെയുള്ള നേതാക്കളും എത്തുന്നുണ്ട്്്. ലോക്്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ആലോചനകള്‍ തുടങ്ങുന്ന വേളയില്‍ പാര്‍്ട്ടിക്ക് നാഥനില്ലാതാവുന്നത് ദേശീയ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.