X

നിധാസ് ട്രോഫി : കുശാല്‍ പെരേര ഇന്ത്യയെ അടിച്ചു മെരുക്കി

കൊളംബോ: കുശാല്‍ പെരേരയുടെ വെടിക്കെട്ടിന് മുന്നില്‍ രോഹിത് ശര്‍മ്മയും ഇന്ത്യയും തല താഴ്ത്തി. തട്ടുതകര്‍പ്പന്‍ ഷോട്ടുകളുമായി പ്രേമദാസ സ്‌റ്റേഡിയത്തെ ഇളക്കിമറിച്ച യുവതാരത്തിന്റെ അതിവേഗ ബാറ്റിംഗില്‍ നിസ്സഹായനായി മാറിയ ഇന്ത്യന്‍ സീമര്‍ ശ്രാദ്ധൂല്‍ ഠാക്കൂര്‍ തന്റെ ആദ്യ ഓവറില്‍ 26 റണ്‍സ് വഴങ്ങിയപ്പോള്‍ പതറിയ ഇന്ത്യക്ക് പിന്നെ തിരിച്ചുവരാന്‍ കഴിഞ്ഞില്ല.

ഒമ്പത് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി ലങ്കന്‍ യുവനിര നിധാസ് ട്രോഫി ത്രിരാഷ്ട്ര ടി-20 ക്രിക്കറ്റിലെ ആദ്യ മല്‍സരം സുന്ദരമായി നേടി. ഇന്ത്യക്കായിരുന്നു ആദ്യ ബാറ്റിംഗ്. നായകന്‍ രോഹിത് നേരിട്ട നാലാം പന്തില്‍ പൂജ്യനായി മടങ്ങിയെങ്കിലും ശിഖര്‍ ധവാന്‍ മിന്നി തിളങ്ങി. രോഹിതിന് പിറകെ സുരേഷ് റൈനയും (1) വേഗം പുറത്തായെങ്കിലും അത് കാര്യമാക്കാതെ അടി പൊളി ബാറ്റിംഗിയിരുന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ വക. 49 പന്തില്‍ 90 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ആറ് കൂറ്റന്‍ സിക്‌സറുകളും ആറ് സുന്ദര ബൗണ്ടറികളും. ഇടം കൈയ്യന്‍ ബാറ്റിംഗിന്റെ ശക്തിസൗന്ദര്യം ആവാഹിക്കപ്പെട്ട ഇന്നിംഗ്‌സില്‍.

മനീഷ് പാണ്ഡെ 37 റണ്‍സുമായി ധവാന് ഉറച്ച പിന്തുണ നല്‍കി. മനീഷ് പുറത്തായതിന് പിറകെയെത്തിയ റിഷാഭ് പന്ത് 23 പന്തില്‍ 23 റണ്‍സുമായി അവസാനം ഗംഭീരമാക്കി. 174 റണ്‍സായിരുന്നു ഇന്ത്യന്‍ സമ്പാദ്യം. വലിയ ലക്ഷ്യം പിന്തുടരാനെത്തിയ ലങ്കക്ക് ഓപ്പണര്‍മാരായ ഗുണതിലക (19), മെന്‍ഡിസ് (11) എന്നിവരെ വേഗത്തില്‍ നഷ്ടമായെങ്കിലും കുശാല്‍ വന്നതോടെ അദ്ദേഹം ആഞ്ഞടിക്കാന്‍ തുടങ്ങി. ഠാക്കൂറിന് ഇന്ത്യന്‍ നായകന്‍ പന്ത് നല്‍കിയപ്പോള്‍ ആ ഓവറില്‍ പിറന്നത് രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളും. അക്ഷരാര്‍ത്ഥത്തില്‍ ഈ ഓവറായിരുന്നു കളിയുടെ ഗതി മാറ്റിയത്.

 

ഒരു കരുണയും കാട്ടാത്ത ഇന്നിംഗ്‌സ്. ടീമിന്റെ വിജയം ഉറപ്പാക്കിയാണ് യുവതാരം മടങ്ങിയത്. 37 പന്തില്‍ 66 റണ്‍സുമായി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം. നാല് പന്തുകള്‍ ഗ്യാലറിയില്‍ വിശ്രമിച്ചപ്പോള്‍ ആറ് വട്ടം കുശാല്‍ പന്തിനെ അതിര്‍ത്തിയും കടത്തി. കുശാല്‍ പുറത്തായതിന് ശേഷം ഇന്ത്യ പിടിമുറുക്കിയെങ്കിലും തിസാര പെരേരയുടെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്തു. കുശാലാണ് കളിയിലെ കേമന്‍

chandrika: