കുവൈത്ത് സിറ്റി: വിസാ കാലാവധി അവസാനിച്ച വിദേശികളുടെ താമസ രേഖ കുവൈത്ത് ആഭ്യന്തര മന്ത്രാലയം മൂന്നാം തവണയും നീട്ടി. സെപ്തംബര്‍ ഒന്നു മുതല്‍ മൂന്നു മാസത്തേക്കാണ് നീട്ടിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് എക്സ്റ്റന്‍ഷന്‍ നടപ്പാക്കുക.
എക്സറ്റന്‍ഷന്‍ ലഭിക്കുന്ന വിസകള്‍ പിന്നീട് താമസരേഖയാക്കി മാറ്റാന്‍ കഴിയില്ല. 60 വയസു കഴിഞ്ഞവര്‍ക്കും അടുത്ത വര്‍ഷം മുതല്‍ വിസ പുതുക്കാനാവില്ല. ഹയര്‍സെക്കന്‍ഡറിയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരുമായ 97,612 വിദേശികളുടെ വിസ ഇനി പുതുക്കാന്‍ കഴിയില്ല.
സര്‍ക്കാര്‍ ജീവനക്കാരെ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിനും നിരോധനം കൊണ്ടുവന്നിട്ടുണ്ട്. കുവൈത്തി വനിതകളുടെ ഭര്‍ത്താക്കന്മാരും കുട്ടികളും, കുവൈത്തികളുടെ ഭാര്യമാര്‍, ഡോക്ടര്‍, നഴ്സ്, ടെക്നികല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഫല്സതീനികള്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവു നല്‍കിയിട്ടുണ്ട്.