X

മുഖ്യമന്ത്രിയുടെ യാത്രക്കായി പൊടിക്കുന്നത് ലക്ഷങ്ങള്‍

ജനപ്രതിനിധികളടക്കമുള്ളവരെ കരുതല്‍ തടങ്കലിലാക്കിയിട്ടും പ്രതിഷേധത്തിന് കുറവില്ലാതായതോടെ, സഞ്ചാരം ഹെലികോപ്റ്ററിലേക്ക് മാറ്റിയ മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ചെലവിടുന്ന തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ ആഭ്യന്തര വകുപ്പ്. 28 കമാന്‍ഡോകളടക്കം 40 പൊലീസുകാരും 16 വാഹനങ്ങളുടെ അകമ്പടിയുമായി പായുന്ന മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ചെലവഴിക്കുന്ന തുകയുടെ വിശദാംശമാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വെളിപ്പെടുത്താനാകില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്.

ഇസെഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങളാണ് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ആഭ്യന്തര വകുപ്പ്, ഇപ്പോഴെത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണ ചുമതലയുടെ ഭാഗമാണ് വിശദീകരിക്കുന്നു.

മതിയായ കാവല്‍ ഏര്‍പ്പെടുത്തുന്നതും സംസ്ഥാനത്തിനകത്തും പുറത്തും എല്ലാ ഘട്ടത്തിലും സുരക്ഷക്കായി മതിയായ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതും ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ സഞ്ചാര സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി മുന്‍കൂട്ടി നിശ്ചയിച്ചുള്ള ക്യാമ്പും യാത്രാ സൗകര്യങ്ങളുമടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുക, അത്യാഹിത സാഹചര്യമുണ്ടായാല്‍ അത് നേരിടുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഒരുക്കുക, ഇതിനായി ഉയര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുക എന്നിവയെല്ലാം സുരക്ഷാ നടപടികളുടെ ഭാഗമാണ്. ഈ ചെലവുകള്‍ പ്രത്യേകമായി സൂക്ഷിക്കാറില്ലെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു.

ഓരോ സാമ്പത്തിക വര്‍ഷവും മുഖ്യമന്ത്രിയുടെ സുരക്ഷയും യാത്രാ സംവിധാനങ്ങള്‍ക്കുമായി വാഹനങ്ങള്‍ വാങ്ങുന്നതിനുമായി വിനിയോഗിക്കുന്ന തുകയാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വെളിപ്പെടുത്താത്തത്. സുരക്ഷക്കായി വിനിയോഗിക്കുന്ന തുക പൊതുജനങ്ങള്‍ അറിയുന്നതില്‍ എന്താണ് സുരക്ഷ പ്രശ്‌നം എന്നതിന് ആഭ്യന്തര വകുപ്പിന് മറുപടിയില്ല.
അതേ സമയം, വിമര്‍ശനം ശക്തമാണെങ്കിലും സുരക്ഷ ക്രമീകരണത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് ഡി.ജി.പിയുടെ നിര്‍ദ്ദേശം. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് പുറമെ, മാവോയിസ്റ്റ് ഭീഷണിയും കണക്കിലെടുത്താണ് നടപടി. കമാന്‍ഡോകളടക്കം 40 പൊലീസുകാര്‍ മുഖ്യമന്ത്രിക്കൊപ്പം എപ്പോഴും ഉണ്ടാവും. മുന്നിലെ വാഹനത്തില്‍ 5 പേര്‍, രണ്ട് കമാന്‍ഡോ വാഹനങ്ങളില്‍ 10 പേര്‍, ദ്രുതപരിശോധനാസംഘത്തില്‍ 8 പേര്‍ എന്നിവര്‍ക്ക് പുറമേ, സ്‌ട്രൈക്കര്‍ ഫോഴ്‌സ്, ബോംബ്, ഡോഗ് സ്‌ക്വാഡ്, ആംബുലന്‍സും പൈലറ്റും 2 എസ്‌കോര്‍ട്ടും സ്‌പെയര്‍ കാറും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന പ്രദേശത്തെ എസ്.പി, സ്‌പെഷ്യല്‍ബ്രാഞ്ച്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 5 ഡിവൈ.എസ്.പിമാര്‍, സമീപ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ അടക്കം മറ്റൊരു 40 പൊലീസുകാര്‍ കൂടി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ഇതിന് പുറമേ ചടങ്ങ് നടക്കുന്നിടത്ത് ഫയര്‍ഫോഴ്‌സ് വാഹനങ്ങളും മെഡിക്കല്‍ സംഘവും ഉണ്ടാകും. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ ദ്രുതകര്‍മ്മസേനയെയും എസ്.ഐ.എസ്.എഫിനെയും വിന്യസിക്കുന്നുണ്ട്. മുഖ്യമന്ത്രി തലസ്ഥാനത്ത് യാത്ര ചെയ്യുമ്പോള്‍ പത്തു മീറ്റര്‍ ഇടവിട്ട് പൊലീസിനെ ഇപ്പോള്‍ നിയോഗിച്ചിട്ടുണ്ട്. ക്ലിഫ്ഹൗസിലും സെക്രട്ടറിയേറ്റിലും സുരക്ഷയൊരുക്കാന്‍ സായുധ ബറ്റാലിയനുകള്‍, ലോക്കല്‍ പൊലീസ്, എസ്.ഐ.എസ്.എഫ്, ദ്രുതകര്‍മ്മസേന എന്നിങ്ങനെ അഞ്ഞൂറോളം പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

webdesk11: