X
    Categories: CultureMoreViews

നെയ്മറിന്റെ ട്രാന്‍സ്ഫറില്‍ ഉടക്കുമായി ലാലിഗ; ചെക്ക് സ്വീകരിച്ചില്ല, പ്രതിനിധിയെ മടക്കിയയച്ചു

മാഡ്രിഡ്: ബാര്‍സലോണ അനുമതി നല്‍കിയെങ്കിലും സൂപ്പര്‍ താരം നെയ്മറിന്റെ പി.എസ്.ജിയിലേക്കുള്ള കൂടുമാറ്റത്തിന് വിലങ്ങു തടിയുമായി ലാലിഗ (സ്പാനിഷ് ലീഗ്). ബാര്‍സയുമായുള്ള കരാറിലെ ‘റിലീസിങ്’ വ്യവസ്ഥ അനുസരിച്ചുള്ള തുക സമര്‍പ്പിക്കാന്‍ നെയ്മറിന്റെ പ്രതിനിധികള്‍ എത്തിയെങ്കിലും ചെക്ക് സ്വീകരിക്കാതെ ലാലിഗ അധികൃതര്‍ മടക്കിയയച്ചു. പ്രസ്താവനയില്‍ ലാലിഗ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ, ലോകം കാത്തിരുന്ന നെയ്മറിന്റെ ട്രാന്‍സ്ഫര്‍ വീണ്ടും പ്രതിസന്ധിയിലായി.

‘കളിക്കാരന്റെ അഭിഭാഷക പ്രതിനിധികള്‍ (റിലീസിങ്) വ്യവസ്ഥയിലെ പണം നിക്ഷേപിക്കാന്‍ ലാലിഗയില്‍ വരുകയും അത് നിരസിക്കപ്പെടുകയും ചെയ്ത കാര്യം ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ നല്‍കാന്‍ കഴിയുന്ന വിവരം ഇതാണ്.’ എന്നാണ് ലാലിഗ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയത്. ലാലിഗ വഴി മാത്രമേ ബാര്‍സലോണക്ക് നെയ്മറിന്റെയും പി.എസ്.ജിയുടെയും പണം സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. യുവേഫയുടെ സാമ്പത്തിക അച്ചടക്ക നടപടി അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, നെയ്മറിന്റെ ട്രാന്‍സ്ഫറിനെതിരെ രംഗത്തുവരുമെന്ന് ലാലിഗ പ്രസിഡണ്ട് ഹവിയര്‍ തെബാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

യുവേഫയുടെ ഫിനാന്‍ഷ്യല്‍ പവര്‍പ്ലേ പ്രകാരം നെയ്മറിന്റെ ട്രാന്‍സ്ഫര്‍ സാധുവാണെന്ന് ഉറപ്പായാല്‍ മാത്രം ട്രാന്‍സ്ഫറിന് അനുവാദം നല്‍കിയാല്‍ മതി എന്നാണ് ലാലിഗയുടെ തീരുമാനമെന്നാണ് സൂചന. 222 ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫര്‍ വിഷയത്തില്‍ യുവേഫ ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. വരുമാനത്തിന് അനുസരിച്ചു മാത്രമേ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ക്ലബ്ബുകള്‍ പണം ചെലവഴിക്കാവൂ എന്നതാണ് യുവേഫയുടെ വ്യവസ്ഥ. നേരിട്ടുള്ള വഴികളിലൂടെ നീങ്ങിയാല്‍ നെയ്മറിനായി ഇത്രയും വലിയ തുക മുടക്കാന്‍ പി.എസ്.ജിക്ക് കഴിയില്ല.

2022-ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേല്‍ക്കുന്നതിനായി പി.എസ്.ജിയുടെ ഉടമസ്ഥരായ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് നെയ്മറിന് 300 ദശലക്ഷം യൂറോ നല്‍കുമെന്നും, ബ്രസീലിയന്‍ താരം ആ തുക ബാര്‍സയുമായുള്ള വ്യവസ്ഥ തീര്‍ക്കാന്‍ ഉപയോഗിക്കുമെന്നുമാണ് സൂചന. ഈ ഇടപാടില്‍ തുക നല്‍കുന്നത് പി.എസ്.ജി അല്ല, നെയ്മര്‍ സ്വന്തം നിലയ്ക്കാണ് എന്ന് വരുത്തിത്തീര്‍ക്കാനാണിത്. എന്നാല്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ യുവേഫയെ കബളിപ്പിക്കുന്നതിനു തുല്യമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ലാലിഗ തലവന്‍ പറയുന്നത്. ഇക്കാര്യത്തില്‍ യുവേഫ നടപടിയെടുത്തില്ലെങ്കില്‍ പരാതി നല്‍കുമെന്നും ഫിനാന്‍ഷ്യല്‍ പവര്‍പ്ലേ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഹവിയര്‍ തെബാസ് പറഞ്ഞു.

അതേസമയം, ബാര്‍സയും പി.എസ്.ജിയും തമ്മില്‍ ധാരണയിലെത്തിയാല്‍ നെയ്മറിന്റെ ട്രാന്‍സ്ഫര്‍ തടയാന്‍ ലാലിഗക്ക് അര്‍ഹതയില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ഇടപാടില്‍ സാങ്കേതികമായ പങ്കാളിത്തം മാത്രമേ ലീഗ് അധികൃതര്‍ക്ക് ഉള്ളൂ എന്നും നിരീക്ഷണമുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: