ഗുവാഹതി: അസമിലെ പൗരത്വ രജിസ്റ്ററില്‍ നിന്ന് പേരില്ലാത്തവരില്‍ മുന്‍ രാഷ്ട്രപതിയുടെ സഹോദരന്റെ കുടുംബവും. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്റെ കുടുംബാംഗങ്ങളുടെ പേരാണ് രജിസ്റ്ററില്‍ ഇല്ലാത്തത്. ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്‍ ഇക്രാമുദിന്‍ അലി അഹമ്മദും കുടുംബവും അസമിലെ കാംറൂപ് ജില്ലയിലെ റാംഗിയയിലാണ് താമസിക്കുന്നത്. തന്റെ കുടുംബത്തില്‍ ആരുടേയും പേരി രജിസ്റ്ററില്‍ ഇല്ലെന്ന് ഇക്രാമുദ്ദീന്റെ മകന്‍ സിയാവുദ്ദീന്‍ പറഞ്ഞു. എന്‍.ആര്‍.സി സംബന്ധിച്ച രേഖകള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദര പുത്രനാണ് ഞാന്‍. എന്‍.ആര്‍.സിയില്‍ എന്റെ പേരില്ല. എന്റെ പിതാവിന്റെ പേരും പട്ടികയിലില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്-സിയാവുദ്ദീന്‍ പറഞ്ഞു.

എന്നാല്‍ രജിസ്റ്ററില്‍ പേരില്ലാത്തവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ അവസരം നല്‍കുമെന്ന് സെന്‍സസ് കമ്മീഷണര്‍ ശൈലേഷ് പറഞ്ഞു. കുറ്റമറ്റ രീതിയിലായിരിക്കും ഇതിനായുള്ള നടപടിക്രമങ്ങള്‍. ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത് അന്തിമ പട്ടികയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍.ആര്‍.സിയുടെ കരട് പട്ടിക പുറത്തുവന്നപ്പോള്‍ 40 ലക്ഷം ആളുകളാണ് പട്ടികയില്‍ നിന്ന് പുറത്തായത്. രാജ്യത്തെ പൗരന്‍മാര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാന്‍ എല്ലാ അവസരവും നല്‍കുമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സബര്‍വാള്‍ പറഞ്ഞു. എന്നാല്‍ ന്യൂനപക്ഷ സമുദായങ്ങളെ കുടിയേറ്റക്കാരെന്ന് മുദ്രകുത്തി നാടുകടത്താനുള്ള ആസൂത്രിത നീക്കമാണ് പട്ടികക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.