X

ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചെന്ന് നിയമ വിദ്യാര്‍ത്ഥിനി; പരാതിക്ക് പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ല


ലക്‌നോ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചതായി നിയമ വിദ്യാര്‍ത്ഥിനി പരാതി പെട്ടതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ കാണാനില്ല. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ എല്‍.എല്‍.എമ്മിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ചിന്മയാനന്ദിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫേസ്ബുക്ക് ലൈവില്‍ വീഡിയോ പുറത്തുവിട്ടത്. താനുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളുടെ ജീവിതം സ്വാമി ചിന്മയാനന്ദ് നശിപ്പിച്ചിട്ടുണ്ടെന്നും അയാള്‍ക്കെതിരെ എല്ലാ തെളിവുകളും തന്റെ കൈവശമുണ്ടെന്നും പെണ്‍കുട്ടി കരഞ്ഞു പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. എന്നാല്‍ ഫെയ്‌സ്ബുക് ലൈവ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ആഗസ്ത് 24ന് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

വന്‍ സ്വാധീനമുള്ള ചിന്മയാനന്ദിനെതിരെ പൊലീസ് സൂപ്രണ്ടും ജില്ലാ മജിസ്‌ട്രേറ്റും നടപടി എടുക്കില്ലെന്നും സംഭവത്തില്‍ തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതായും നിയമ വിദ്യാര്‍ത്ഥിനി വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തില്‍ ഇടപെടണമെന്നും വീഡിയോയില്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്നുണ്ട്. സ്വാമി ചിന്മയാനന്ദിനെതിരെ വിദ്യാര്‍ത്ഥിനി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ കോളജ് ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. മകളെ കാണാതായത് ചൂണ്ടിക്കാട്ടി നിയമ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ സംഭവത്തെ എതിര്‍ത്ത് സ്വാമി അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കാണിച്ച് ഇവരും പരാതിയും നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജുവാന്‍പൂരില്‍ നിന്നും ബിജെപി എംപിയായ സ്വാമി ചിന്‍മയാനന്ദ് വാജ്പേയി സര്‍ക്കാറില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.

Web Desk: