തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനവുമായി ഇടതു മുന്നണി. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിലയിരുത്താനും ഇന്നു ചേര്‍ന്ന മുന്നണി യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു മുമ്പാണ് ഇടതു മുന്നണി യോഗം ചേര്‍ന്നത്.

കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം പതിനയ്യായിരം വരെ ആയേക്കാമെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ഒക്ടോബര്‍ പകുതിയോടെ ഈ നില വന്നേക്കാം. നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ സാഹചര്യത്തെ നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തല്‍ക്കാലം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് യോഗത്തിലെ തീരുമാനം. അതേസമയം പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കണം. കണ്ടയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും യോഗം നിര്‍ദേശിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമരപരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ യോഗം തീരുമാനിച്ചു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യ വകുപ്പും ജില്ലാ കലക്ടര്‍മാരും ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.