X
    Categories: NewsViews

യു.ഡി.എഫ് പ്രക്ഷോഭം ഫലം കണ്ടു; ‘ഉഡാന്‍’ ഉടായിപ്പില്‍ മലക്കംമറിഞ്ഞ് പിണറായി സര്‍ക്കാര്‍

കോഴിക്കോട്: മുസ്ലിം ലീഗിന്റെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലെയും വിമാനത്താവള ഇന്ധന നികുതി അഞ്ചു ശതമാനമായി ഏകീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഗുണകരമാവുക പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക്. നിയമസഭക്കകത്തും പുറത്തും പ്രതിപക്ഷം നടത്തിയ ശക്തമായ പ്രക്ഷോഭത്തിന്റെ സമ്മര്‍ദത്തിലാണ് എല്ലാ വിമാനത്താവളങ്ങളുടെയും നികുതി ഒരേ പോലെയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളിലെ യാത്രാ നിരക്കില്‍ ഭീമമായ അന്തരം ഉണ്ടാവുകയില്ലെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്.

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ ബി.ജെ.പി നയിക്കുന്ന കേന്ദ്ര ഗവണ്‍മെന്റും സി.പി.എം നയിക്കുന്ന സംസ്ഥാന സര്‍ക്കാറും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ മുസ്ലിം ലീഗും ഐക്യ ജനാധിപത്യ മുന്നണിയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി അടക്കമുള്ളവരുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കരിപ്പൂരിന് ഭീമമായ നികുതിയിളവ് നല്‍കിക്കൊണ്ടുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

സ്വകാര്യ-പൊതു പങ്കാളിത്തമുള്ള കണ്ണൂരിലെ പുതിയ വിമാനത്താവളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ഇന്ധന നികുതി ഒരു ശതമാനം മാത്രമായി കുറച്ചത്, പൊതുമേഖലയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കമാണെന്നാണ് മുസ്ലിം ലീഗും യു.ഡി.എഫും ഉന്നയിച്ചത്. ഇതുസംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ അമിത താല്‍പര്യം എടുത്തിട്ടുണ്ടെന്നും ഉഡാന്‍ പദ്ധതിയില്‍പ്പെട്ടതിനാലാണ് കണ്ണൂരിന് മാത്രം നികുതിയിളവ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്.

കരിപ്പൂരിനെ തഴഞ്ഞ് കണ്ണൂരിന് അമിത പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ബഹുജന പ്രക്ഷോഭങ്ങളാരംഭിക്കാന്‍ മുസ്ലിം ലീഗും യു.ഡി.എഫും തീരുമാനിച്ചതിനു പിന്നാലെയാണ് പിണറായി സര്‍ക്കാര്‍ നിലപാട് മാറ്റിയിരിക്കുന്നത്. 2017-ല്‍ മന്ത്രിസഭ കൈക്കൊണ്ട, എല്ലാ വിമാനത്താവളങ്ങള്‍ക്കും അഞ്ചു ശതമാനം നികുതി എന്ന തീരുമാനം നടപ്പാക്കണമെന്ന യു.ഡി.എഫ് ആവശ്യം സര്‍ക്കാറിന് അംഗീകരിക്കേണ്ടി വന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികളും എയര്‍പോര്‍ട്ട് ഉപദേശക സമിതി അംഗങ്ങളും യോഗം ചേര്‍ന്ന് പ്രതിഷേധം ശക്തമാക്കാനും കോടതിയെ സമീപിക്കാനും തീരുമാനിച്ചതോടെ സര്‍ക്കാര്‍ മലക്കംമറിയാന്‍ തീരുമാനിക്കുകയായിരുന്നു.

യു.ഡി.എഫിന്റെ പ്രതിഷേധം ഫലം കണ്ടതോടെ ശനിയാഴ്ച നടക്കാനിരുന്ന ജനപ്രതിനിധികളുടെ പ്രതിഷേധ പരിപാടി മാറ്റിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ തീരുമാനം നടപ്പാക്കുന്നതു വരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: