X

വെളുക്കാന്‍ തേച്ചത് പാണ്ടായ രാജ്ഭവന്‍ മാര്‍ച്ച്

കെ.പി ജലീല്‍

മല പോലെ വന്നത് എലിപോലെ പോയെന്ന് കേട്ടിട്ടേയുള്ളൂ. ഇവിടെയിപ്പോള്‍ ഗവര്‍ണര്‍ക്ക് വെട്ടിവെച്ച വടി ഇടതുമുന്നണിക്ക് തന്നെയാണ് വിനയായത്. പാവം സി.പി.എമ്മിനുവേണ്ടി പഴികേള്‍ക്കാന്‍ ഘടകക്ഷികളും. കഴിഞ്ഞദിവസം രാജ്ഭവനിലേക്ക് നടത്തിയ ഇടതുമുന്നണിമാര്‍ച്ചാണ് തങ്ങള്‍ക്ക്തന്നെ പൊല്ലാപ്പായതായി സി.പി.എം തിരിച്ചറിഞ്ഞത്. മാലോകരാകെ ഗവര്‍ണര്‍ക്കെതിരെ തിരിയുമെന്നും അതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാമെന്നും കരുതിയവര്‍ക്ക് അക്കിടിപറ്റി. എന്തിനുവേണ്ടിയാണോ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത് അതേവിഷയത്തില്‍ കോടതി നിരന്തരം സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സമരസാധൂകരണത്തിന് നിമിഷത്തിന്റെ ആയുസ്സ് പോലുമുണ്ടായില്ല. യഥാര്‍ത്ഥത്തില്‍ രാജ് ഭവന്‍ സമരത്തിലൂടെ ആരുടെ മുഖമാണ് കൂടുതല്‍ വികൃതമായതെന്ന് വ്യക്തം.

സര്‍വകലാശാലകളില്‍ കാവിവല്‍കരിക്കുന്നുവെന്നാണ് ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാനെതിരായ ആക്ഷേപം. സംഗതി ബി.ജെ.പിയുടെ അനുയായതിനാല്‍ ശരിതന്നെ. എന്നാല്‍ കണ്ണൂരിലെ സ്വന്തം തട്ടകത്തിലെ സര്‍വകലാശാലയില്‍ സാക്ഷാല്‍ ഹിന്ദുത്വസൈദ്ധാന്തികനായ സവര്‍ക്കറെ സിലബസിലുള്‍പ്പെടുത്താന്‍ ശ്രമിച്ചവരാണ് ഈ കാവിവിരോധികള്‍ !
സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി ഗവര്‍ണറില്‍നിന്ന് എടുത്തുമാറ്റിയാല്‍ പിന്നെ തങ്ങള്‍ക്ക് തോന്നിയതുപോലെ അവിടങ്ങളിലെ വി.സി മുതല്‍ പ്രൊഫസര്‍മാര്‍ വരെയുള്ളവരെ നാഗപ്പന്‍ സര്‍വീസ്‌കമ്മീഷന്‍പോലെ നിയമിക്കാം. മുന്‍ എം.പിമാരുടെയും സ്പീക്കര്‍മാരുടെയും ബന്ധുക്കളെ ഇങ്ങനെ നിയമിച്ചത് കോടതി പിടികൂടി സുല്ലിട്ടിരിക്കുന്നു. അതിനിടെയാണ് വി.സിമാരുടെ നിയമനവും യു.ജി.സി ചട്ടംമറികടന്നാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്. എങ്കില്‍പിന്നെ ഗവര്‍ണറുടെ പിടലിക്ക് കയറാമെന്ന് കരുതിയിരിക്കുമ്പോഴാണ് നാള്‍ക്കുനാള്‍ ഓരോ വി.സി മാരെന്നോണം പടിക്ക് പുറത്താകുന്നത്. സാങ്കേതികസര്‍കലാശാലയില്‍ തുടങ്ങി ഫിഷറീസ് മുതലിങ്ങോട്ട് വെറ്ററിനറി സര്‍വകാലാശാലാ വി.സിമാര്‍ പുറത്തായിക്കഴിഞ്ഞു. ഇനി ബാക്കിയുള്ള വി.സി മാരുടെ കാര്യവും കട്ടപ്പുറത്താണ്.

‘എന്റെ സര്‍ക്കാരെ’ ന്നാണ ്ഗവര്‍ണര്‍മാര്‍ ജനാധിപത്യസര്‍ക്കാരുകളെപ്പറ്റി സ്വയം പറയാറുള്ളത്. അവരാണ് നിയമസഭാംഗങ്ങളുടെ സംഖ്യ നോക്കി സര്‍ക്കാരുണ്ടാക്കാന്‍ പാര്‍ട്ടികളെയുംമുന്നണികളെയും ക്ഷണിക്കാറും. അതാണ് ഭരണഘടനാദത്തവും. എന്നാല്‍ അതേ സര്‍ക്കാരിനെതിരെ മാധ്യമങ്ങളെ കൈകൊട്ടിവിളിച്ചും ഗെറ്റൗട്ടടിച്ചും ഭള്ള് പറയുന്ന ഗവര്‍ണര്‍ എങ്ങനെ പരിപാവനമായ ആ കസേരക്ക് ചേരും. അതുപോലെതന്നെയാണ ്ഭരണഘടനാപരമായി ഭരണത്തലവനായ സ്വന്തം ഗവര്‍ണര്‍ക്കുനേരെ അണികളെ വിട്ട് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതും. ഏതായാലും മന്ദബുദ്ധികള്‍ക്കേ ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാനാകൂ എന്നാണ് ബുദ്ധിമതികള്‍ പറയുന്നത്. തനിക്കെതിരെ സമരം നടത്തിയ സീതാറാം യെച്ചൂരിയുള്‍പ്പെടെ ഉള്ളവരൊഴികെയെല്ലാം തന്റെ അനുകൂലികളാണെന്ന ്തട്ടിവിട്ട ആരിഫ്ഖാന്റെ അതേ ന്യായം കേന്ദ്രസര്‍ക്കാരിന്റെ നോമിനിയെന്ന നിലയില്‍ തനിക്കും ബാധകമാണെന്ന് ആരിഫ്ഖാന് തോന്നുന്നതാണ ്ബുദ്ധി.!

web desk 3: