X

സൈന്യത്തെ വെറുതെ വിടൂ-എഡിറ്റോറിയല്‍

അതിര്‍ത്തി കാക്കുന്ന സൈന്യത്തിന്റെ ആത്മവീര്യമാണ് ഒരു രാജ്യത്തിന്റെ അഖണ്ഡതയും അസ്തിത്വവും നിശ്ചയിക്കുന്നത്. ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ജനസംഖ്യാരാഷ്ട്രവുമായ ഇന്ത്യയുടെ അഭിമാനമാണ് അതിന്റെ സൈന്യം. സൈനികന്റെ ആത്മബലമാണ് ഓരോപൗരന്റെയും കരുത്ത്. രാജ്യത്തെ ഏതാണ്ടെല്ലാമേഖലകളെയും കരാര്‍ വല്‍കരണത്തിലേക്കും സ്വകാര്യവല്‍കരണത്തിലേക്കും കൊണ്ടുപോയപ്പോഴും ഇന്ത്യന്‍ സൈനികരംഗം അതിന്റെ അസ്തിത്വവും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയാണിന്നും. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ 14ന് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയൊരു പ്രഖ്യാപനം രാജ്യത്തെ സൈന്യത്തിന്റെ ആത്മവീര്യത്തെ തകര്‍ക്കുന്നതായിപ്പോയെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ‘അഗ്നിപഥ്’ പദ്ധതി പ്രകാരമായിരിക്കും കര, വ്യോമ, നാവിക സേനകളിലേക്ക് ഇനിമുതല്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുക. പത്താം ക്ലാസ് പാസായതും പതിനേഴര മുതല്‍ 21 വരെ പ്രായമുള്ളതുമായ യുവാക്കളെ പദ്ധതിയനുസരിച്ച് നാലു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാകും നിയമിക്കുക. പ്രതിമാസം 30,000 മുതല്‍ 40,000 വരെ രൂപ വേതനം നല്‍കും. ഇതില്‍നിന്ന് സര്‍ക്കാരിന്റേതടക്കം നിശ്ചിത വിഹിതം പിടിച്ചെടുത്ത് പിരിയുമ്പോള്‍ 11. 71 ലക്ഷം രൂപ മൊത്തമായി നല്‍കും. സേവന കാലാവധിക്കുള്ളില്‍ പത്താം തരക്കാരാണെങ്കില്‍ പ്ലസ്ടുവും പ്ലസ്ടുക്കാര്‍ക്ക് ബിരുദവും വിവിധ ഏജന്‍സികളുമായി സഹകരിച്ച് നല്‍കും. നാലു വര്‍ഷത്തിനുശേഷം പുറത്തിറങ്ങുന്ന യുവാവിന് പൊലീസിലും പൊതുമേഖലാസ്ഥാപനങ്ങളിലും തൊഴില്‍ സംവരണം അനുവദിക്കും. വര്‍ഷം 46,000 പേരില്‍ 25 ശതമാനം പേരെ മാത്രമാണ് സ്ഥിരമായി നിയമിക്കുക. ശമ്പള-പെന്‍ഷന്‍ ഇനത്തിലെ ലാഭമാണത്രെ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലൊന്ന്.

നല്ലൊരു തൊഴില്‍ ദാന-സൈനിക പദ്ധതിയായി ആദ്യകേള്‍വിയില്‍ തോന്നുമെങ്കിലും ഇതിനകത്ത് പതിയിരിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൈന്യത്തില്‍നിന്ന് വിരമിച്ച പ്രഗല്ഭ വ്യക്തിത്വങ്ങള്‍തന്നെ ചൂണ്ടിക്കാട്ടിക്കഴിഞ്ഞിട്ടുണ്ട്. വളരെയധികം ആലോചിച്ച് മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നും അല്ലെങ്കിലത് സൈന്യത്തിന്റെ പ്രൊഫഷണലിസം നഷ്ടപ്പെടുത്തുമെന്നും മേജര്‍ ജനറല്‍ (റിട്ട.) ജി.ഡി ബക്ഷി ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിന് സമാന്തരമായി പദ്ധതി നടപ്പാക്കണമെന്ന് വാദിക്കുന്ന പ്രമുഖരെയും കണ്ടു. ഏറ്റവും വലിയ വിമര്‍ശനം പദ്ധതി മറ്റെന്തിനേക്കാളുപരി സൈന്യത്തിന്റെ അനിവാര്യമായ ശേഷിയും സൈനികരുടെ ആത്മവീര്യവും തകര്‍ക്കുമെന്നതാണ്. പ്രമുഖ സംവിധായകന്‍കൂടിയായ റിട്ട. മേജര്‍രവിയും പദ്ധതി സൈന്യത്തിന്റെ കാര്യശേഷിയെ ഗുരുതരമായി ബാധിക്കുമെന്നാണ് വ്യക്തമാക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്ന യുവാവിന് പരിശീലനവും അവധിയും കഴിഞ്ഞാല്‍ ലഭിക്കുന്ന മൂന്നു വര്‍ഷത്തെ സൈനിക സേവനംകൊണ്ട് യുദ്ധമുഖത്ത് ചെന്നാലത്തെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാനേ ആവില്ലെന്ന് അദ്ദേഹം പറയുന്നു. നിരന്തരം അതിര്‍ത്തി ഭീഷണി നേരിടുന്ന ഇന്ത്യയെ സംബന്ധിച്ച് ഈ വാദങ്ങള്‍ കണക്കെടുക്കാതിരിക്കാനാവില്ലതന്നെ.

പ്രഖ്യാപിച്ചയുടന്‍തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും യുവാക്കള്‍ പദ്ധതിക്കെതിരെ അക്രമാസക്തരായി രംഗത്തുവന്നത് രാജ്യത്തെ ഭരണാധികാരികളെ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ്. അടുത്ത കാലത്ത് കര്‍ഷകസമരത്തില്‍ കണ്ട പ്രക്ഷോഭ രീതിക്കും ഉപരിയായ അക്രമശൈലിയാണ് ഇതില്‍ കാണുന്നത്. ട്രെയിനുകളും റെയില്‍വെസ്റ്റേഷനുകളും പൊതുസ്ഥാപനങ്ങളും തീവെച്ചുള്ള സമരമാണ് ഉത്തരേന്ത്യയില്‍ പലയിടത്തും നടക്കുന്നത്. ബി. ജെ.പിക്ക് സ്വാധീനശേഷിയുള്ള യു.പി, ബീഹാര്‍, ഹരിയാന, തെലുങ്കാന തുടങ്ങി പത്തോളം സംസ്ഥാനങ്ങളില്‍ പ്രതിഷേധം അലയടിക്കുകയാണ്. സെക്കന്തരാബാദില്‍ യുവാവ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അഗ്നിവീര്‍ പദ്ധതിയെ അഗ്നികൊണ്ടാണ് തൊഴിലില്ലാപ്പട നേരിടുന്നത്. പ്രധാന രാഷ്ട്രീയകക്ഷികളുടെയൊന്നും പിന്തുണയില്ലാതെയാണ് ഇത്തരത്തിലൊരു പ്രക്ഷോഭം രാജ്യത്ത് അലയടിക്കുന്നത്. ഇതില്‍നിന്ന് പാഠം പഠിക്കുന്നില്ലെന്ന് മാത്രമല്ല, പദ്ധതിയുടെ ഗുണവശങ്ങള്‍ വാതോരാതെ പ്രസംഗിച്ചുനടക്കുകയാണ് സര്‍ക്കാരും സൈനിക മേധാവികളും. ഏതായാലും സര്‍ക്കാര്‍ ഒന്നനങ്ങിയെന്നതിന് തെളിവാണ് പരമാവധി പ്രായം 21ല്‍നിന്ന് 23 ആക്കിയുയര്‍ത്തിയത്. എന്നാല്‍ അപ്പോഴും 23 കഴിഞ്ഞ് ജീവിതത്തിന്റെ നല്ല കാലത്ത് തൊഴിലില്ലാപ്പടയിലൊരംഗമായി മാറുന്ന യുവാവിനെ സംബന്ധിച്ച് ഇതൊട്ടും പ്രോല്‍സാഹനജനകമല്ല.

കോവിഡിന്റെ പേരു പറഞ്ഞ് രണ്ടു കൊല്ലമായി നിര്‍ത്തിവെച്ചിരുന്ന സേനാറിക്രൂട്ട്‌മെന്റ് ഉടന്‍ പുനരാരംഭിക്കുമെന്ന പ്രത്യാശയില്‍ വേഴാമ്പലിനെപോലെ കാത്തിരുന്ന ഉദ്യോഗാര്‍ഥിയുടെ ശിരസിനാണ് മോദി സര്‍ക്കാര്‍ ‘അഗ്നിപഥ’ത്തിന്റെ ഇടിത്തീ എറിഞ്ഞിരിക്കുന്നത്. പുറത്തുവരുന്ന ‘അഗ്നിവീറു’കള്‍ ഭാവിയില്‍ തീവ്രവാദ സംഘടനകളില്‍ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതയും നിഷേധിക്കാനാവില്ല. നാഗ്പൂരില്‍ നിന്നുത്ഭവിച്ച ആശയമാണിതെന്നും ആര്‍.എസ്.എസിന് സൗജന്യ പരിശീലനം നല്‍കലാണ് ലക്ഷ്യമെന്നുമുള്ള ആരോപണങ്ങളെയും പ്രതിരോധിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ചുരുക്കത്തില്‍ കാവിവല്‍കരണത്തിന്റെ സൈനികപതിപ്പായി ഇതിനെ സംശയിച്ചാല്‍ തെറ്റു പറയാനാവില്ല. പ്രതിവര്‍ഷം രണ്ടുകോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ക്ക് 12 കോടി തൊഴില്‍കൂടി നഷ്ടപ്പെടുത്താനായെങ്കില്‍, ഒന്നര വര്‍ഷംകൊണ്ട് 10 ലക്ഷം തൊഴിലെന്നതിനെയും 2024ലേക്കുള്ള കണ്‍കെട്ടു വിദ്യയായേ കാണാനാകൂ.

Chandrika Web: