X

കുട്ടീഞ്ഞോക്കായി ബാഴ്സ; വമ്പന്‍ പ്രതിഫലം ലിവര്‍പൂള്‍ തള്ളി

ബാഴ്‌സലോണ: ബ്രസീലിയന്‍ താരം ഫിലിപ്പെ കുട്ടീഞ്ഞോയെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ നീക്കം അന്തിമ ഘട്ടത്തിലെത്തിനില്‍ക്കെ ഇനിയും വഴങ്ങാതെ ലിവര്‍പൂള്‍. നെയ്മറിനെ ലോക റെക്കോര്‍ഡ് തുകക്ക് പി.എസ്.ജി ബാഴ്‌സയില്‍ നിന്നും അടര്‍ത്തിയെടുത്തതോടെ നെയ്മറിന് പകരക്കാരനായി ലിവര്‍പൂള്‍ താരം കുട്ടീഞ്ഞോയെ സ്വന്തമാക്കാന്‍ ബാഴ്‌സ ശക്തമായി ശ്രമത്തിലാണ്.

എന്നാല്‍ കുട്ടീഞ്ഞോയുമായുള്ള ബാഴ്‌സയുടെ കരാര്‍ ഇനിയും വൈകാനാണ് സാധ്യതയെന്നാണ് വിവരം.
കൂടുമാറ്റത്തിനായി ബാഴ്‌സ വിലയിട്ട നൂറ് മില്ല്യന്‍ യൂറോ കരാര്‍ ലിവര്‍പൂള്‍ തള്ളിയതായി ഇ.എസ്.പി.എന്‍ എഫ്.സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ 85 മില്ല്യന്‍ യൂറോയുടെ വാഗ്ദാനം ലിവര്‍പ്പൂള്‍ തള്ളിയതിനെ തുടര്‍ന്നാണ് ബോണസടക്കം 898.87 കോടി രൂപ കരാറുമായി കുട്ടീഞ്ഞോയ്ക്കായി ബാഴ്‌സ രംഗത്തെത്തിയത്.

നേരത്തെ കൂടുമാറ്റ കരാര്‍ അന്തിമഘട്ടത്തിലെത്തിയതായി വിവിധ സ്‌പോര്‍ട് പോര്‍ട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച മുതല്‍ ബാഴ്‌സ അധികൃതര്‍ കുട്ടീഞ്ഞോക്കായി ഇംഗ്ലണ്ടിലെത്തിയതായും വിവരമുണ്ട്.

നെയ്മറിന്റെ വിടവ് നികത്തുന്നതോടൊപ്പം മിഡ്ഫീല്‍ഡില്‍ ക്യാപ്റ്റന്‍ ഇനിയേസ്റ്റയെ കൂടി സഹായിക്കാന്‍ ബ്രസീലിയന്‍ താരത്തിനാവുമെന്നാണ് ബാഴ്‌സയുടെ കണക്കു കൂട്ടല്‍. അതേ സമയം താരത്തെ വില്‍ക്കില്ലെന്ന് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. കൂടാതെ വന്‍ തുക വാഗ്ദാനവുമായി പി.എസ്.ജിയും കുട്ടീഞ്ഞോക്കായി രംഗത്തുണ്ട്. റെക്കോര്‍ഡ് തുകയ്ക്ക് നെയ്മറെ റാഞ്ചിയതിന് പിന്നാലെ മറ്റൊരു വമ്പന്‍ ട്രാന്‍ഫറിന് കൂടി പി.എസ്.ജി തെയ്യാറെടുക്കുന്നതായാണ് വിവരം. ഫ്രഞ്ച് ലീഗില്‍ നിന്നും മൊണാക്കോ താരം കിലിയന്‍ എംബപ്പയെ കിട്ടാത്തപക്ഷം ബ്രസീലിയന്‍ താരം ഫിലിപ്പോ കുട്ടീഞ്ഞോയെ നെയ്മറിന് കൂട്ടായി എത്തിക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. ഇതിനായി 150 ദശക്ഷം പൗണ്ട് വരെ ചെലവിടാന്‍ പി.എസ്.ജി ഒരുങ്ങിക്കഴിഞ്ഞതായാണ് വിവരം

അതേസമയം മൂന്നാം ഘട്ട കരാറില്‍ കുട്ടീഞ്ഞോ ബാഴ്‌സയില്‍ എത്തുമെന്നാണ്് ഫുട്‌ബോള്‍ ലോകത്തെ വിലയിരുത്തല്‍.

നേരത്തെ 2012ല്‍ എസ്പാനിയോളിന് വേണ്ടി സ്പാനിഷ് ലാ ലീഗയില്‍ കുട്ടീഞ്ഞോ കളിച്ചിട്ടുണ്ട്. 2013ല്‍ ലിവര്‍പൂളിനൊപ്പം ചേര്‍ന്ന താരം 182 മത്സരങ്ങളില്‍ നിന്നും 42 ഗോളുകള്‍ നേടിയിട്ടുണ്ട്.

chandrika: