ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സാരമായി ബാധിച്ചത് രാജ്യത്തെ മുസ്‌ലിങ്ങളെയും ദളിതരെയുമെന്ന് സര്‍വെ റിപ്പോര്‍ട്ട്. നാലില്‍ ഒരു ദളിതനും, മുസ്‌ലിമും ലോക്ക്ഡൗണ്‍ കാലയളവില്‍ ഭക്ഷണം ലഭിക്കുന്നതില്‍ വിവേചനം നേരിട്ടതായാണ് സര്‍വെ പറയുന്നത്. പൊതു വിഭാഗത്തില്‍ പത്തില്‍ ഒരാളാണ് വിവേചനം നേരിട്ടത്. 11 സംസ്ഥാനങ്ങളില്‍ 45 ശതമാനം ജനങ്ങളെയും ലോക്ക്ഡൗണ്‍ സാരമായി ബാധിച്ചെന്നും കടം വാങ്ങിയാണ് ഭക്ഷണം കഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പൊതു വിഭാഗവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ദളിത് വിഭാഗത്തിന് 23 ശതമാനം അധികമാണ്. ഈ കാലയളവില്‍ ദളിതരുടെ ഭക്ഷ്യ ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായെന്നും ഹംഗര്‍വാച്ച് പഠനം പറയുന്നു.

സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ മാസങ്ങളിലായിരുന്നു സര്‍വെ നടത്തിയത്. 11 സംസ്ഥാനങ്ങളില്‍ നാലില്‍ ഒരാള്‍ ഭക്ഷണം കഴിക്കാതെ ഉറങ്ങാന്‍ പോകുന്നതായും സര്‍വെ കണ്ടെത്തി. ലോക്ക്ഡൗണിന് മുന്‍പായി 56 ശതമാനം പേരും ഇത്തരത്തില്‍ ഭക്ഷണം ഒഴിവാക്കിയിരുന്നില്ല. അവരില്‍ ഏഴില്‍ ഒരാള്‍ക്ക് ഈ കാലയളവില്‍ ഭക്ഷണം ഒഴിവാക്കേണ്ടി വന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര. ചത്തീസ്ഗഢ്, ഝാര്‍ഖണ്ഢ്, ഡല്‍ഹി, തെലങ്കാന, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ നാലായിരം ആളുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വെ നടത്തിയത്.

ലോകത്താകമാനം കോവിഡ് മഹാമാരി വലിയ പ്രതിസന്ധിയാണ് തീര്‍ത്തത്. എല്ലാ മേഖലകളെയും ഒരു പോലെയാണ് കോവിഡ് തകര്‍ത്തത്. അതേസമയം, വാക്‌സിന്‍ വിതരണത്തിന് തയ്യാറായി എന്ന വാര്‍ത്ത വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇനി ലോകത്തിന് സ്വപ്‌നം കണ്ട് തുടങ്ങാമെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.