ഷാജഹാന്‍പൂര്‍: മകന്‍ വീട്ടില്‍ പൂട്ടിയിട്ട് പോയതിനെ തുടര്‍ന്ന് അമ്മ വിശന്നു മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് 80 വയസുകാരിയായ അമ്മ വിശന്നു മരിച്ചത്. ഇവരുടെ മകന്‍ സലീല്‍ ചൗധരി ഒരു മാസം മുമ്പാണ് ഇവരെ വീട്ടില്‍ പൂട്ടിയിട്ട് പോയത്. വീട്ടില്‍ ലഭ്യമായ ഭക്ഷണം മുഴുവന്‍ തീര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ വിശന്ന് മരിക്കുകയായിരുന്നു.

റെയില്‍വേ കോളനിയിലെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് ലീലാവതിയെന്ന ആ അമ്മ മരിച്ചിട്ട് ഒരാഴ്ചയായെന്നു ലോകം തിരിച്ചറിയുന്നത്. മുന്‍ എം.എല്‍.സി റാം ഖേര്‍ സിങ്ങിന്റെ ഭാര്യയാണ് മരിച്ച ലീലാവതി. ഒരിക്കല്‍ ധനികരായിരുന്ന കുടുംബം ലക്‌നൗവില്‍ അറിയപ്പെട്ടിരുന്നവരുമായിരുന്നു.

ഭാര്യ ഉപേക്ഷിച്ചുപോയതിനെത്തുടര്‍ന്ന് സലില്‍ മദ്യത്തിന് അടിമപ്പെട്ടിരുന്നെന്നാണ് അയല്‍ക്കാര്‍ നല്‍കുന്ന വിവരം. പലപ്പോഴും വീടുവിട്ടുപോകുന്ന ഇയാള്‍ അമ്മയെ ഇങ്ങനെ പൂട്ടിയിടാറുണ്ടത്രേ. വീട്ടില്‍ ഭക്ഷണം ഒന്നും ഉണ്ടായിരുന്നില്ല. പുറത്തുനിന്നു പൂട്ടിയിട്ട വീട്ടില്‍ വിശന്നു വലഞ്ഞോ അതോ രോഗം മൂലമോ ആണ് അവര്‍ മരിച്ചിരിക്കുകയെന്നും പൊലീസ് പറഞ്ഞു.

.