ഹൈദരാബാദ്: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എസ്.ജയ്പാല്‍ റെഡ്ഡി (77) നിര്യാതനായി. ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഹൈദരാബാദിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ജനിച്ച ജയ്പാല്‍ റെഡ്ഡി ഒസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയത്തിലെത്തിയത്. നാലു തവണ എം.എല്‍.എയും അഞ്ച് തവണ ലോക്‌സഭാ എം.പിയും രണ്ടു തവണ രാജ്യസഭാ എം.പിയുമായി. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് വിട്ടു ജനതാ ദളില്‍ എത്തി. 1980 ല്‍ മേഡക്കില്‍ ഇന്ദിരാഗാന്ധിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1985 മുതല്‍ 1988 വരെ ജനതാപാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം ഐ.കെ ഗുജ്‌റാള്‍ മന്ത്രിസഭയില്‍ വാര്‍ത്താ വിനിമയ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. ജനതാ ദളുകളുടെ തകര്‍ച്ചയ്ക്കു ശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പിന്നീട് കോണ്‍ഗ്രസിന്റെ വക്താവായി. ഒന്നാം മന്‍മോഹന്‍ മന്ത്രിസഭയില്‍ നഗരവികസനം, സാംസ്‌കാരിക വകുപ്പുകള്‍ കൈകാര്യം ചെയ്തു. രണ്ടാം മന്‍മോഹന്‍ സര്‍ക്കാരില്‍ പെട്രോളിയം, ശാസ്ത്രസാങ്കേതികം തുടങ്ങിയ വകുപ്പുകളുടെ ചുമതലയും വഹിച്ചു.