X

ബിജെപിയില്‍ അടങ്ങാത്ത പോര്; മോദി വന്നിട്ടും ഉണരാതെ കേരള ഘടകം

തിരുവനന്തപുരം: ശബരിമല എന്ന സുവര്‍ണാവസരം മുന്നിലുണ്ടായിട്ടും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്ക് പാര്‍ട്ടിയിലെ തമ്മില്‍തല്ല് പോലും ശമിപ്പിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാഴ്ചക്കിടെ രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വന്നത്. എന്നാല്‍
സംസ്ഥാന ബിജെപിയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഇതുവരെ ചൂട് പിടിച്ചിട്ടില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട ശബരിമല തന്നെയെന്ന് മോദി ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും ബിജെപിയില്‍ തമ്മില്‍തല്ല് തുടരുകയാണ്.

സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും അടങ്ങാത്ത പോര് മോദി വന്നിട്ടും തുടരുകയാണ്. പ്രധാനഘടകകക്ഷി ബിഡിജെഎസ്സുമായുള്ള സീറ്റ് വിഭജന തര്‍ക്കമാണ് ഒരു പ്രശ്‌നം. ആറ് ചോദിച്ചെങ്കിലും പരമാവധി നാല് സീറ്റേ കൊടുക്കാന്‍ കഴിയൂ എന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.

പാര്‍ട്ടി ഏറെ ജയസാധ്യത കല്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നിലേറെ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകാന്‍ രംഗത്തുണ്ട്. തൃശൂരില്‍ കെ സുരേന്ദ്രനെ വേണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. എഎന്‍ രാധാകൃഷ്ണന്‍ പക്ഷെ പിന്നോട്ടില്ല. എംടി രമേശ് പത്തനംതിട്ട ആഗ്രഹിക്കുന്നുണ്ടെങ്കിലും ശബരിമല കര്‍മസമിതി കെപി ശശികലയുടെ പേര് മുന്നോട്ട് വെക്കുന്നു. തിരുവനന്തപുരം എല്ലാ നേതാക്കളും ആഗ്രഹിക്കുന്നു. ആറ്റിങ്ങലില്‍ ടിപി സെന്‍കുമാറിനെ ഏറക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ പത്മാപുരസ്‌ക്കാരം നേടിയ നമ്പി നാരായണനെതിരായ സെന്‍കുമാറിന്റെ വിമര്‍ശനം സെന്‍കുമാറിന്റെ സാധ്യതക്ക് മങ്ങലേല്‍പിച്ചു.

മെല്ലെപ്പോക്കിലും തണുപ്പന്‍ രീതിക്കും കാരണം സംസ്ഥാന നേതൃത്വം തന്നെയാണെന്ന വിമര്‍ശനം മുരളീധരപക്ഷം ഉന്നയിക്കുന്നു. മോദിയെ മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കള്‍ കടന്നാക്രമിച്ചിട്ടും സംസ്ഥാന നേതൃത്വം കാര്യമായി പ്രതിരോധിക്കുന്നില്ലെന്നാണ് ആക്ഷേപം. മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നേതൃത്വം ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നതും പാര്‍ട്ടിക്കാണ് ക്ഷീണമുണ്ടാക്കുന്നതെന്ന അഭിപ്രായവും വലിയൊരു വിഭാഗം നേതാക്കള്‍ക്കിടയിലുണ്ട്.

chandrika: