X

വിദ്യാര്‍ഥികളും ഇരകള്‍; എഴുത്ത് ലോട്ടറി മാഫിയ തഴച്ചുവളരുന്നു, അംഗീകൃത ഏജന്‍സികളുടെ മറവിലും വില്‍പ്പന സജീവം

കണ്ണൂര്‍: ഉത്തര മലബാറില്‍ തഴച്ചുവളരുന്നു എഴുത്ത് ലോട്ടറി മാഫിയ. കണ്ണൂര്‍ കാസര്‍കോട് മേഖലയില്‍ അനധികൃത ലോട്ടറിയുടെ മറവില്‍ സ്വകാര്യ വ്യക്തി കൊയ്യുന്നത് കോടികള്‍. കേരള ഭാഗ്യക്കുറിയുടെ വയറ്റത്തടിച്ചാണ് കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ നഗര ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് എഴുത്ത് ലോട്ടറി മാഫിയ തഴച്ചുവളരുന്നത്. വാട്‌സപ്പില്‍ നിന്നും മുന്നേറി മൊബൈല്‍ ആപ്ലിക്കേഷനുള്‍പ്പെടെ രൂപപ്പെടുത്തിയാണ് കേരള ഭാഗ്യക്കുറിക്ക് സമാന്തരമായി എഴുത്ത് ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനം. അംഗീകൃത ലോട്ടറി ഏജന്‍സികളുടെ മറവിലും രഹസ്യ കേന്ദ്രങ്ങളിലുമാണ് എഴുത്ത് ലോട്ടറി വില്‍പ്പന തകര്‍ക്കുന്നത്. പൊലീസ് നടപടികള്‍ക്കിടയിലും അനധികൃത ലോട്ടറി ഇടപാട് സജീവമാണ്.

വിവിധ ദിവസങ്ങളില്‍ നറുക്കെടുക്കുന്ന കേരള ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പര്‍ മുന്‍കൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി. നമ്പറുകള്‍ ഒത്തു വന്നാല്‍ 5,000 രൂപ മുതല്‍ 12,000 രൂപ വരെ ലഭിക്കും. ഇത്തരത്തില്‍ ലക്ഷങ്ങള്‍ വരെ സമ്മാനം നേടുന്നവരുണ്ട്. വില്‍പ്പനയിലൂടെ ഇടനിലക്കാര്‍ തൊട്ട് മുഖ്യ നടത്തിപ്പുകാരനുള്‍പ്പെടെ ദിനംപ്രതി 10,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ സമ്പാദിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. ഒറ്റത്തവണ നമ്പര്‍ എഴുതുന്നതിന് 10 രൂപയാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കുന്നത്. ഇത്തരത്തില്‍ വന്‍തുക മുടക്കി നമ്പര്‍ എഴുതുന്നവരുമേറെ. ദിവസേന 10 നമ്പറുകളിലധികം എഴുതുന്നവരാണ് ഭൂരിപക്ഷവും. മുന്‍കൂര്‍ സാധ്യതാ നമ്പര്‍ കടലാസില്‍ എഴുതി നല്‍കും. ഇത്തരത്തില്‍ ആയിരക്കണക്കിന് എഴുത്ത് ലോട്ടറി ഇടപാടാണ് ദിനംപ്രതി നടക്കുന്നത്. കണ്ണൂരില്‍ പയ്യന്നൂര്‍ കേന്ദ്രീകരിച്ച് ഒരാളിലൂടെ വന്‍ ശൃംഖല തന്നെ രംഗത്തുണ്ട്. ഇയാളിലൂടെയാണ് എഴുത്ത് ലോട്ടറി സജീവമാകുന്നത്. 15 വര്‍ഷമായി ഇയാള്‍ ഈ മേഖലയിലുണ്ടെന്നാണ് രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. അനധികൃത ലോട്ടറി ഇടപാടിലൂടെ ഇയാള്‍ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഉന്നതങ്ങളിലെ പിടിപാടാണ് എഴുത്ത് ലോട്ടറിയിലൂടെ തഴച്ച് വളരുന്നതിന് വഴിയൊരുക്കുന്നത്. പൊലീസ് ഇടക്കിടെ നടത്തുന്ന എഴുത്ത് ലോട്ടറി വേട്ടയിലൊന്നും ഇയാള്‍ കുടുങ്ങാറില്ലെന്നും പറയുന്നു. 25ലധികം പേര്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ വിവിധ മേഖലയില്‍ ഇടനിലക്കാരായുണ്ട്. പയ്യന്നൂരില്‍ പുതിയ ബസ്സ്റ്റാന്റ് പഴയ ബസ്സ്റ്റാന്റ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വെ സ്‌റ്റേഷന്‍, എട്ടിക്കുളം, പാലക്കോട്, കവ്വായി, തൃക്കരിപ്പൂര്‍ കാരോളം, കണ്ടങ്കാളി, കണ്ടോത്ത്, സ്വാമി മുക്ക്, ഒളവറ മാടക്കാല്‍, മാട്ടൂല്‍, പുതിയങ്ങാടി തുടങ്ങിയ മേഖലകളിലുമായാണ് ഇവരുടെ രഹസ്യ ഇടപാട്. ഇവ കൂടാതെ വിവിധ കണ്ണികളായി തളിപ്പറമ്പ്, പിലാത്തറ, പഴയങ്ങാടി, ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശ്ശേരി, പുതിയതെരു, കണ്ണൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ചും എഴുത്ത് ലോട്ടറി ചൂതാട്ടം നടക്കുന്നുണ്ട്. പയ്യന്നൂര്‍ ഉള്‍പ്പെടുന്ന മേഖലയില്‍ പ്ലസ്ടു, ഡിഗ്രി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും എഴുത്ത് ലോട്ടറിയുടെ ഇരകളാണ്. രക്ഷിതാക്കള്‍ അറിയാതെയാണ് വിദ്യാര്‍ത്ഥികള്‍ ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെടുന്നത്. വിദ്യാലയങ്ങളിലേക്കും മറ്റുമെന്നും പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ പലരും രക്ഷിതാക്കളില്‍ നിന്ന് പണം വാങ്ങുന്നത്. ദൈനംദിന ചെലവുകള്‍ക്കെന്ന പേരില്‍ വാങ്ങുന്ന തുക പോലും എഴുത്ത് ലോട്ടറിക്ക് വേണ്ടി ചെലവഴിക്കുന്ന വിദ്യാര്‍ത്ഥികളുണ്ട്.
കേര ഭാഗ്യക്കുറി ഏജന്റുമാരില്‍ പലരും എഴുത്ത് ലോട്ടറി മാഫിയയുടെ കണ്ണികളാണ്. മാടക്കാലില്‍ തയ്യല്‍കട നടത്തുന്ന ഒരു സ്ത്രീയും എഴുത്ത് ലോട്ടറിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം. കേരള ഭാഗ്യക്കുറിയേക്കാള്‍ വേഗത്തില്‍ സമ്മാനങ്ങള്‍ ലഭിക്കുന്നതും തുച്ഛമായ തുകയുമായതിനാലാണ് വിദ്യാര്‍ത്ഥികളെയുള്‍പ്പെടെ എഴുത്ത് ലോട്ടറിയിലേക്ക് ആകര്‍ഷിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നിയമ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ആയിരത്തോളം ഏജന്‍സികള്‍ക്കും കച്ചവടക്കാര്‍ക്കും സര്‍ക്കാര്‍ ഖജനാവിനും വന്‍ നഷ്ടമാണ് ഉണ്ടാവുകയെന്ന പരാതി ഏജന്റുമാര്‍ക്കിടയിലുണ്ട്. എഴുത്ത് ലോട്ടറി നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്.

web desk 1: