X

സ്ഥാനകയറ്റത്തിന്റെ പേരില്‍ ബുദ്ധിമുട്ടിലായി എല്‍.പി, യു.പി പ്രധാനാധ്യാപകര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍പി, യുപി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ തൊഴില്‍ ജീവിതം ദിനംപ്രതി ദുസഹമാകുന്നു. സ്‌കൂളില്‍ ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയും ഉയര്‍ന്ന മാനസികസമ്മര്‍ദവും പലരെയും ആത്മഹത്യയിലേക്ക് വരെ നയിക്കുന്നു. ഇതുമൂലം ലഭിച്ച സ്ഥാനക്കയറ്റം ഒഴിവാക്കി തിരികെ സാധാ അധ്യാപക ജോലിയിലേക്ക് തന്നെ തിരികെ പോവാന്‍ തങ്ങള്‍ ആഗ്രഹിക്കുകയാണെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു.

ഓഫീസ്, അധ്യാപന ഡ്യൂട്ടി, സ്‌കൂളിന്റെ മൊത്തം ചുമതല, ഇടയ്ക്കിടെ സ്‌കൂളിലുണ്ടാകുന്ന പരിപാടികളുടെയും മറ്റും മേല്‍നോട്ടം തുടങ്ങി നിരവധി തൊഴില്‍ സമ്മര്‍ദങ്ങളാണ് ഇവരുടെ മേല്‍ ഉണ്ടാവുന്നത്. എല്‍പി, യുപി വിദ്യാലയങ്ങളിലെ പ്രധാനധ്യാപകര്‍ക്ക് സഹായത്തിന് ഓഫീസ് അസിസ്റ്റന്റ് പോലും ഉണ്ടാവിെല്ലന്നതും ഇവരുടെ തൊഴില്‍ ഭാരം കൂട്ടുന്നു. സാമ്പത്തിക ബാധ്യത സ്‌കൂളിലെ ഉച്ചഭക്ഷണം പദ്ധതിക്കായി നല്ലൊരു തുക തന്നെ വേണ്ടിവരുന്നു. ഇതിനു മേല്‍നോട്ടം വഹിക്കേണ്ടത് പ്രധാനാധ്യാപകരാണ്.

പിടിഎ ഫണ്ടില്ലാത്തത് പല സര്‍ക്കാര്‍ സ്‌കൂളുകളിലേയും പ്രധാനാധ്യാപകരുടെ ഉറക്കം കെടുത്തുന്നത് സാമ്പത്തിക ബാധ്യതയാണ്. ഒരു കുട്ടിക്ക് എട്ടു രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ എട്ട് രൂപയില്‍ വേണം കുട്ടികളുടെ പ്രഭാത ഭക്ഷണം മുതല്‍ ഉച്ചയൂണും മുട്ടയും പാലും നല്‍കാന്‍. എന്നാല്‍ നാലുമാസമായി ഉച്ചഭക്ഷണ പദ്ധതിയുടെ തുക സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സ്വന്തം പോക്കറ്റില്‍നിന്ന് പണം എടുത്താണ് പല സ്‌കൂളുകളിലും പദ്ധതി ഇപ്പോള്‍ തുടരുന്നത്.

2022ന് ശേഷം സ്ഥാനക്കയറ്റലം ലഭിച്ച 2529 ഹെഡ്മാസ്റ്റര്‍മാര്‍ക്ക് കഴിഞ്ഞ 16 മാസമായിട്ടും ആനുകൂല്യം ലഭിച്ചിട്ടില്ല. യോഗ്യത സംബന്ധിച്ച കേസ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രെബ്യൂണലില്‍ നില നില്‍ക്കുന്നു എന്ന കാരണം പറഞ്ഞാണ് ശമ്പളം നല്‍കാതിരിക്കുന്നത്. സാധാ അധ്യാപകരുടെ ശമ്പള സ്‌കെയിലില്‍ നിന്ന് വേണം മേല്‍പ്പറഞ്ഞ സാമ്പത്തിക ബാധ്യതകള്‍ എല്ലാം ഈ പ്രധാന അധ്യാപകര്‍ നടപ്പിലാക്കേണ്ടത്.

സ്‌കൂള്‍ പദ്ധതി നടത്തിപ്പിനായി കടം വാങ്ങിയ പലരുടെയും ആഭരണങ്ങള്‍ വരെ ഇതിന്റെ പേരില്‍ ഇപ്പോള്‍ പണയത്തിലാണ് ലഭിച്ച സ്ഥാനകയറ്റത്തിന്റെ പേരില്‍ ബുദ്ധിമുട്ടിലാണിവര്‍. കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത വൈക്കം സ്വദേശിനി കെ.ശ്രീജ അവഗണന അനുഭവിക്കുന്ന അധ്യാപകരില്‍ ഒരു ഇര മാത്രമായിരുന്നു. ഗവ.എല്‍.പി സ്‌കൂള്‍ പോളശേരിയിലെ പ്രധാനാധ്യാപികയായിരുന്നു ഇവര്‍. തനിക്ക് ലഭിച്ച സ്ഥാനകയറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടും വഴിയില്ലാതെയായപ്പോഴാണ് മാനസിക സമ്മര്‍ദം മൂലം ശ്രീജ ആത്മഹത്യ ചെയ്തത്. വൈക്കം പൊലീസ് ശ്രീജയുടെ ആത്മഹത്യയില്‍ അസ്വഭാവിക മരണത്തിന് കേസടുത്തിരുന്നു.

 

 

webdesk11: