X
    Categories: MoreViews

ഇ.അഹമ്മദിനോട് അനാദരവ്; പാര്‍ലമെന്റില്‍ പ്രതിഷേധം

ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ(മധ്യത്തില്‍)യുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍നിന്ന് ഇറങ്ങിപ്പോക്ക് നടത്തുന്ന എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജ്യോതിരാദിത്യ സിന്ധ്യ, കെ.സി വേണുഗോപാല്‍, എന്‍.കെ പ്രേമചന്ദ്രന്‍, ആന്റോ ആന്റണി എന്നിവര്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുസ്്‌ലിംലീഗ് ദേശീയ അധ്യക്ഷനുമായ ഇ.അഹമ്മദിന്റെ മരണത്തെ കുറിച്ചുള്ള സത്യം സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്. സംഭവം പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അഹമ്മദിനെപ്പോലുള്ള മുതിര്‍ന്ന അംഗത്തെ ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സഭ പിരിഞ്ഞ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയയായിരുന്നു ഖാര്‍ഗെ.

രാവിലെ പതിനൊന്നിന് ലോക്‌സഭ ചേര്‍ന്നയുടന്‍ തന്നെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നു. ആര്‍.എസ്.പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ വിഷയം ചര്‍ച്ച ചെയ്യാനായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുകൂല നിലപാട് എടുത്തില്ല. ചോദ്യോത്തര വേള മാറ്റിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ഉപനേതാവ് കെ.സി വേണുഗോപാല്‍ എം.പിയും നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതും പരിഗണിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.

കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചു. ബഹളം ഉച്ചസ്ഥായിലായതോടെ, ചെയറിലുണ്ടായിരുന്ന സ്പീക്കര്‍ സുമിത്ര മഹാജന്‍ 11.09ന് സഭ പന്ത്രണ്ടു മണിവരെ നിര്‍ത്തിവെച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് രാജ്യസഭയിലും പ്രതിപക്ഷം ആവശ്യപ്പെട്ടു. സി.പി.എം നേതാവ് സീതാറാം യെച്ചൂരിയാണ് വിഷയം ഉന്നയിച്ചത്. മരണം മറച്ചുവെക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു എന്നാണ് കേള്‍ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ”ഇത് നാണക്കേടാണ്.

വിഷയത്തില്‍ സമ്പൂര്‍ണ അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെടുന്നു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളുകയും വേണം”- അദ്ദേഹം ആവശ്യപ്പെട്ടു. യെച്ചൂരിയുടെ ആവശ്യത്തെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പിന്തുണച്ചു. വിഷയത്തില്‍ സമഗ്രമായ ചര്‍ച്ച ആവശ്യമുണ്ടെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍ പറഞ്ഞു. റാംമനോഹര്‍ ലോഹ്യ ആസ്പത്രി അധികൃതര്‍ മോശമായി പെരുമാറി, ബന്ധുക്കളെ അകറ്റി നിര്‍ത്താന്‍ ഗുണ്ടകളെ വിളിച്ചു, സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വരെ ഇടപെടാന്‍ അവസരം നിഷേധിച്ചു, കുടുംബാംങ്ങള്‍ക്ക് അഹമ്മദിനെ കാണാന്‍ അനുമതി നിഷേധിച്ചു എന്നീ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.

ബജറ്റ് അവതരണം തടസ്സപ്പെടാതിരിക്കാന്‍ മരണ വിവരം കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വ്വം മറച്ചുവെക്കുകയായിരുന്നുവെന്നാണ് ആരോപണം. അഹമ്മദിനെ കാണാന്‍ കുടുംബാംഗങ്ങളെ പോലും അനുവദിച്ചിരുന്നില്ല. ചൊവ്വാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇ. അഹമ്മദ് പാര്‍മലമെന്റില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ രാത്രി വൈകിയാണ് മക്കളെ അഹമ്മദിനെ കാണാന്‍ അനുവദിച്ചത്.

chandrika: